ഹസിമാര (പശ്ചിമ ബംഗാൾ): രാജ്യത്തെ പ്രതിരോധ സേനക്ക് കരുത്ത് പകരാൻ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമ താവളത്തിൽ നടന്ന ചടങ്ങിലാണ് വിമാനങ്ങൾ വ്യോമസേയുടെ 101ാം സ്ക്രാഡന്‍റെ ഭാഗമായത്.
ആറു റഫാൽ വിമാനങ്ങളാണ് ഹസിമാരയിലെ രണ്ടാം സ്ക്രാഡനിലുള്ളത്. ഹരിയാനയിലെ അംബാലയിലാണ് ഒന്നാം സ്ക്രാഡൻ പ്രവർത്തിക്കുന്നത്. റഫാൽ വിമാനത്തിന്‍റെ വരവോടെ ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക നീക്കങ്ങൾക്ക് കൂടുതൽ ശക്തി പകരും.
നിലവിൽ 26 റഫാൽ വിമാനങ്ങളാണ് വ്യോമസേനക്കുള്ളത്. 2020 സെപ്റ്റംബർ 10നാണ് ആദ്യ ബാച്ചിൽ അഞ്ചും നവംബർ അഞ്ചിന് രണ്ടാം ബാച്ചിൽ മൂന്നും ജനുവരി 28ന് നാലാം ബാച്ചിൽ മൂന്നും 2021 ഏപ്രിൽ ഒന്നിന് നാലാം ബാച്ചിൽ മൂന്നും ഏപ്രിൽ 22ന് അഞ്ചാം ബാച്ചിൽ നാലും റഫാൽ വിമാനങ്ങൾ എത്തിയിരുന്നു.
അഞ്ച് വിമാനങ്ങൾ വ്യോമസേന പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിലാണുള്ളത്. 59,000 കോടി രൂപയുടെ കരാർ പ്രകാരം 36 യുദ്ധ വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യക്ക് കൈമാറേണ്ടത്. 2023ലോടെ മുഴുവൻ വിമാനങ്ങളും ഇന്ത്യയിലെത്തും.
റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള റഫാൽ. ഫ്രഞ്ച് വിമാന നിർമാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷനാണ് റഫാലിന്‍റെ നിർമാതാക്കൾ.
100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.