ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശങ്ങളുമായി രംഗത്തെത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡിന്‍റെ രണ്ടാംതരംഗത്തിന് ആക്കം കൂട്ടിയത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും കോവിഡ് വാക്സിൻ വിതരണത്തേക്കാളുപരി വാക്സിനെതിരെ സംശയം ജനിപ്പിക്കുന്നതിന്‍റെ തിരക്കിലാണെന്നും ഹർഷവർധൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ നിലപാടിനോട് അപമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേവിഡ് 19നെതിരായ യുദ്ധത്തിൽ വാക്സിനേഷന്റെ പ്രാധാന്യം മൻമോഹൻ സിങ്ങ് മനസിലാക്കുന്നുണ്ടെങ്കിലും ചില നേതാക്കൾ നടത്തിയ നിരുത്തരവാദിത്തപരമായ പരസ്യപ്രഖ്യാപനങ്ങൾ വാക്സിനേഷൻ തോത് കുറക്കാൻ ഇടയാക്കി. ചില കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും മുതിർന്നപൗരമാർക്കും വാക്സിനേഷൻ ഉറപ്പാക്കിയില്ലെന്നും ഹർഷവർധൻ ആരോപിച്ചു.
'ക്രിയാത്മക സഹകരണവും വിലയേറിയ ഉപദേശങ്ങളും നിങ്ങളുടെ കോൺഗ്രസ് നേതാക്കാൾ ഇത്തരം അസാധാരണ കാലഘട്ടത്തിലും പിന്തുടർന്നാൽ ചരിത്രം നിങ്ങളോട് ദയ കാണിക്കും മൻമോഹൻ സിങ് ജി' -മൻമോഹൻ സിങ്ങിന് മറുപടിയായി ഹർഷ വർധൻ ട്വീറ്റ് ചെയ്തു.
കോവിഡ് സംബന്ധിച്ച് അഞ്ചിന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻമോഹൻ സിങ് കത്തെഴുതിയിരുന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുൻപ്രധാനമന്ത്രി മൻമോഹൻ കത്തിൽ ഊന്നിപ്പറഞ്ഞത്. കോവിഡ് വാക്സിനേഷൻ പ്രോഗ്രാം കൂടുതൽ വിപുലീകരിക്കണമെന്നും വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൃത്യമായി നിർണയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമുള്ള വാക്സിൻ സംബന്ധിച്ച കൃത്യമായ എണ്ണം കമ്പനികൾക്ക് കൈമാറണം. ഇതിന്‍റെ അടിസ്ഥാനത്തിൽ വാക്സിൻ നിർമിച്ച് നൽകാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകണമെന്നും മൻമോഹൻ കത്തിൽ പറയുന്നു.
അടുത്ത ആറ് മാസത്തേക്ക് ആവശ്യമുള്ള കോവിഡ് വാക്സിൻ ഓർഡറുകൾ മുൻകൂട്ടി നൽകണം. സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിനുകൾ വിതരണം ചെയ്യുമെന്ന മാർഗരേഖ കേന്ദ്രം പുറത്തിറക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തിൽ ഇന്ത്യ വലയുന്ന സമയത്താണ് മോദിക്ക് സിങ് കത്ത് എഴുതിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് കേസുകളിൽ റെക്കോർഡ് വർധനയാണ് രാജ്യത്ത് ഉണ്ടായത്. ഇരട്ട മ്യൂട്ടേഷൻ കാരണം രൂപെപ്പട്ട വൈറസിന്‍റെ പുതിയ വകഭേദമാണ് ഇന്ത്യയിൽ പുതിയ അണുബാധകൾക്ക് ആക്കം കൂട്ടുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും മോശമായ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.