ന്യൂഡല്‍ഹി: ലഖിംപുർ കർഷക കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യവുമായി ട്രെയിനുകൾ തടഞ്ഞിട്ട് സംയുക്ത കിസാൻ മോർച്ച. തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടന്ന റെയിൽ ഉപരോധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ട്രെയിൻ സർവിസുകളെ സാരമായി ബാധിച്ചു. 300 ഓളം ട്രെയിനുകളുടെ സർവിസ് തടസ്സപ്പെട്ടു. 43 ട്രെയിനുകള്‍ പൂര്‍ണമായും 50 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.
പഞ്ചാബിലെ അമൃത്സർ, ലുധിയാന, ജലന്ധര്‍, പട്യാല, ഫിറോസ്പുര്‍ സ്ഥലങ്ങളിലും ഹരിയാനയില്‍ സോനിപത്, കുരുക്ഷേത്ര, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളിലും കര്‍ഷകര്‍ സ്റ്റേഷനുകൾ ഉപരോധിച്ചു. സോനിപത് റെയില്‍വേ സ്റ്റേഷനിൽ കർഷക പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിനായി ദ്രുതകര്‍മ സേനയെ വിന്യസിച്ചു. ഉത്തർപ്രദേശിൽ പലയിടങ്ങളിലും പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കർഷക നേതാക്കളെ യു.പി െപാലീസ് ഞായാറാഴ്ച രാത്രി വീട്ടുതടങ്കലിലാക്കിയതായി കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. ട്രെയിന്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ലഖ്നോ െപാലീസ് അറിയിച്ചു. രാജസ്ഥാന്, ഒഡിഷ, ബിഹാർ സംസ്ഥാനങ്ങളിലും വിവിധ സ്റ്റേഷനുകൾ സമരക്കാർ ഉപരോധിച്ചു. മധ്യപ്രദേശിൽ നിരവധി കർഷക നേതാക്കളെ അറസ്റ്റു ചെയ്തു.
ലഖിംപുർ സംഭവത്തിൽ ട്രെയിൻ തടയൽ അടക്കം സമരം കടുപ്പിക്കാൻ സിംഘു അതിർത്തിയിൽ ഒക്ടോബർ എട്ടിന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 12 കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ലഖിംപുര്‍ ഖേരിയിലെ ടികോണിയയില്‍ കര്‍ഷരുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഒക്ടോബര്‍ 15 വിജയദശമി ദിനത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മോദി, അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. 26ന് ലഖ്നോ നഗരത്തിൽ കർഷക മഹാപഞ്ചായത്ത് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.