ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്ലബുകളിലൊന്നായ സെക്കന്തരാബാദ് ക്ലബിൽ വൻ തീപിടിത്തം. ചരിത്രപ്രസിദ്ധമായ ക്ലബിൽ 35 മുതൽ 40 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ഞായറാഴ്ച വെളുപ്പിന് രണ്ടരയോടെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല.
ക്ലബിന്റെ ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത് തടികൊണ്ടാണ്. അതിനാൽ തന്നെ തീ അണക്കൽ പ്രായസകരമായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തത്തിന്റെ വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. 1878ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച സെക്കന്തരാബാദ് ക്ലബ് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന അഞ്ച് ക്ലബുകളിൽ ഒന്നാണെന്ന് പറയുന്നു. 22 ഏക്കറിലാണ് സെക്കന്തരബാദ് ക്ലബ്.
8000 ത്തോളം അംഗങ്ങളാണ് ക്ലബിലുള്ളത്. 300ഒാളം ജീവനക്കാരുമുണ്ട്. ഹൈദരാബാദ് ഡെവലപ്മെന്റ് അതോറിറ്റി ക്ലബിനെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.