14 മണിക്കൂറോളം ചോദ്യംചെയ്യൽ; ആയിഷ സുൽത്താനയെ വിട്ടയച്ചു

കൊ​ച്ചി: ചാ​ന​ൽ ച​ർ​ച്ച​യി​ലെ പ​രാ​മ​ർ​ശ​ത്തിന്‍റെ പേ​രി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട സി​നി​മ​ പ്ര​വ​ർ​ത്ത​ക ആ​യി​ഷ സു​ൽ​ത്താ​നയെ ചോദ്യം ചെയ്യലിന് ശേഷം വിട്ട‍യച്ചു. മൂന്നു ദിവസങ്ങളിലായി 14 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കവരത്തി പൊലീസ് വിട്ടയച്ചത്. ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ആയിഷയുടെ അറസ്റ്റ് കവരത്തി പൊലീസ് രേഖപ്പെടുത്തിയില്ല.

ചോദ്യം ചെയ്യൽ പൂർത്തിയായെന്നും തനിക്ക് കൊച്ചിയിലേക്ക് തിരികെ പോകാമെന്നും ആയിഷ സുൽത്താന മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കൊച്ചിയിലെത്തുമെന്നും അവർ അറിയിച്ചു.

അതേസമയം, ചോദ്യം ചെയ്യലിന് ദ്വീപിലെത്തിയ ആയിഷ കോവിഡ് ഇളവുകൾ ദുരുപയോഗം ചെയ്തെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈകോടതിയെ അറിയിച്ചു. ജൂൺ 19ന് ദ്വീപിലെത്തിയ ആയിഷക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തിൽ പങ്കെടുക്കുകയും കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയെന്നുമാണ് ആരോപണം. ഇക്കാര്യം വിശദീകരിച്ചു കൊണ്ടുള്ള രേഖകൾ ഭരണകൂടം ഹൈകോടതിയിൽ സമർപ്പിച്ചു.

ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ന​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജൂൺ ഏഴിന് മീഡിയവൺ ചാ​ന​ൽ ച​ർ​ച്ച​യി​ൽ 'ബ​യോ​വെ​പ​ൺ' എ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന​തിന്‍റെ പേ​രി​ലാ​ണ് ആ​യി​ഷ സു​ൽ​ത്താ​നക്കെതിരെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേസെ​ടു​ത്ത​ത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് സി. അബ്​ദുൽ ഖാദർ ഹാജിയുടെ പരാതിയിലായിരുന്നു ക​വ​ര​ത്തി പൊ​ലീ​സിന്‍റെ നടപടി.

ബ​യോ​വെ​പ​ൺ പ​രാ​മ​ർ​ശം ന​ട​ത്താ​നു​ണ്ടാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണ് അന്വേഷണസംഘം ചോ​ദി​ച്ച​​തെന്ന് ആ​യി​ഷ സു​ൽ​ത്താ​ന 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞിരുന്നു. പു​റം​രാ​ജ്യ​ങ്ങ​ളി​ലെ ആ​രെ​ങ്കി​ലു​മാ​യി ബ​ന്ധ​ങ്ങ​ളു​ണ്ടോ, അ​വ​രു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടോ, ആ​രെ​യൊ​ക്കെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​റു​ണ്ട് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു. ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ, നി​കു​തി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ എ​ന്നി​വയും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും വ്യ​വ​സാ​യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടോ​യെ​ന്നും വി​ശ​ദീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, രാ​ജ്യ​ത്തെ​യ​ല്ല, അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഉ​ദ്ദേ​ശി​ച്ചാ​ണ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നാണ് ആ​യി​ഷ വി​ശ​ദീ​ക​രി​ച്ചത്. വാ​ച​ക​ത്തിന്‍റെ ഘ​ട​ന മാ​റി​പ്പോ​യ​പ്പോ​ൾ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യാ​യി​രു​​ന്നെന്നും ആ​യി​ഷ പറഞ്ഞു.

Tags:    
News Summary - Sedition case: Interrogation for 14 hours; Ayesha Sultana was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.