ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചതോടെ ഒന്നര നൂറ്റാണ്ടിലേറെയായി തുടർന്നുവന്ന നിയമത്തിന്റെ കാര്യത്തിലാണ് പുനർവിചിന്തനമുണ്ടാകാൻ പോകുന്നത്. രാജ്യദ്രോഹ നിയമമെന്ന് പൊതുവേ അറിയപ്പെടുന്ന ഈ വകുപ്പ് 1870ൽ ബ്രിട്ടീഷ് ഭരണകാലത്ത് ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ്. കേന്ദ്ര സർക്കാർ നിയമത്തിന്റെ പുന:പരിശോധന പൂർത്തിയാക്കുന്നത് വരെ 124എ വകുപ്പ് മരവിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ, എഴുത്തുകൾ, മറ്റ് ആവിഷ്കാരങ്ങൾ എന്നിവയാണ് 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹമാകുന്നത്. മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
സുപ്രീംകോടതിയുടെ അഞ്ച് പ്രധാന നിർദേശങ്ങൾ
ന്യൂഡൽഹി: വിവാദ രാജ്യദ്രോഹ നിയമവ്യവസ്ഥ മരവിപ്പിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു തോറ്റു. പുനഃപരിശോധിക്കുന്നുവെന്നു കരുതി ഒരു നിയമം തുടർന്നും നടപ്പാക്കുന്നത് തടയാനാവില്ലെന്ന വാദമാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രധാനമായും നടത്തിയത്. നിലവിലെ കേസുകൾ സ്റ്റേ ചെയ്യാൻ പാടില്ല.
പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുകയും വേണം. എന്നാൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അംഗീകരിച്ചില്ല. നിയമം മരവിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ കേന്ദ്രസർക്കാർ കേസും വിചാരണയും തടയാത്ത വിധം ചില കരട് നിർദേശങ്ങളുമായാണ് ബുധനാഴ്ച കോടതിയിലെത്തിയത്. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് സൂപ്രണ്ടിന്റെ നേരിട്ടുള്ള പരിശോധന വേണമെന്ന് വ്യവസ്ഥ ചെയ്യാമെന്നായിരുന്നു ഒരു നിർദേശം. ഇപ്പോഴുള്ള കേസുകളുടെ കാര്യത്തിൽ, പ്രതികളുടെ ജാമ്യം വിചാരണ കോടതികൾ വേഗത്തിൽ പരിഗണിക്കണമെന്ന് കോടതിക്ക് നിർദേശിക്കാമെന്നും തുഷാർ മേത്ത അഭിപ്രായപ്പെട്ടു.
ക്രിമിനൽ കുറ്റങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്ന വിലക്ക് ശരിയായ സമീപനമായിരിക്കില്ല. ക്രിമിനൽ കുറ്റം ചെയ്താൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നത് എങ്ങനെ? നിലവിലെ ചില രാജ്യദ്രോഹ കേസുകൾക്ക് ഭീകരതയുടെ വശം ഉണ്ടാകാം. കള്ളപ്പണ ഇടപാട് ഉണ്ടാകാം. അതിന്റെ ആഴവും വ്യാപ്തിയും വിചാരണ കോടതികൾക്കേ അറിയൂ. പൊലീസിനും സർക്കാറിനും മുമ്പാകെയല്ല ഈ കേസുകൾ. കോടതിക്കു മുമ്പാകെയുള്ള കേസുകളിൽ അതതു കോടതികളാണ് തീരുമാനമെടുക്കേണ്ടത്. പ്രതികളുടെ ജാമ്യം വേഗത്തിൽ പരിഗണിക്കണമെന്ന് പറയാം.
എന്നു മാത്രമല്ല, പൊതുതാൽപര്യ ഹരജിയുടെ അടിസ്ഥാനത്തിൽ ഒരു നിയമം സ്റ്റേ ചെയ്യാനാവില്ല. ഭരണഘടന ബെഞ്ച് മുമ്പ് ശരിവെച്ച വ്യവസ്ഥകളുടെ കാര്യത്തിൽ മറ്റൊരു ഉത്തരവ് ഇറക്കുന്നത് ശരിയായിരിക്കില്ലെന്നും തുഷാർ മേത്ത വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.