മഹാരാഷ്ട്ര പ്രതിസന്ധി: ഹരജി ഉടൻ ഏഴംഗ ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശിവസേനയുടെ വിഭജനത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകൾ ഏഴംഗ ബെഞ്ചിന് കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. അയോഗ്യതാ ഹരജികളിൽ തീരുമാനമെടുക്കാനുള്ള നിയമസഭാ സ്പീക്കറുടെ അധികാരം സംബന്ധിച്ച് 2016ലെ നബാം റെബിയ വിധി പുനപരിശോധിക്കണമെന്നാണ് മഹാരാഷ്ട്ര പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ശിവസേന താക്കറെ പക്ഷം ഹരജി നൽകിയിരുന്നത്.

2016ലെ നബാം റെബിയ വിധി പുനപരിശോധിക്കേണ്ടതുണ്ടോ എന്ന് ഈ കേസിന്റെ സാഹചര്യം കൂടി പരിഗണിച്ച് ഫെബ്രുവരി 21 ന് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി, പി.എസ് നരസിംഹ എന്നിവരും ഉൾപ്പെടുന്നതാണ് ബെഞ്ച്. കേസിൽ ചൊവ്വാഴ്ച രാവിലെ 10.30-ന് വാദം കേൾക്കും.

ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും എ.എം സിങ്‍വിയും നബാം റെബിയ വിധി പുനഃപരിശോധിക്കാൻ കേസുകൾ ഏഴംഗ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഏകനാഥ് ഷിൻഡെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും എൻ.കെ കൗളും ഏഴംഗ ബെഞ്ചിന് വിടുന്നതിനെ എതിർത്തു.

മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിഷയം വിശാല ബെഞ്ചിന് വിടാനുള്ള നീക്കത്തെ എതിർത്തിരുന്നു.

സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള മുൻകൂർ നോട്ടീസ് സഭയുടെ മുമ്പാകെ നിലനിൽക്കുന്നുണ്ടെങ്കിൽ, എം.എൽ.എമാരെ അയോഗ്യരാക്കുന്നതിനുള്ള ഹരജിയുമായി നിയമസഭാ സ്പീക്കർക്ക് മുന്നോട്ട് പോകാനാവില്ലെന്ന് 2016-ൽ, അരുണാചൽ പ്രദേശിലെ നബാം റെബിയ കേസ് തീർപ്പാക്കുന്നതിനിടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എം.എൽ.എമാരുടെ രക്ഷ ഈ വിധിയാണ്. താക്കറെയുടെ വിശ്വസ്തനായ മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാളിനെ നീക്കം ചെയ്യുന്നതിനുള്ള ഷിൻഡെ ഗ്രൂപ്പിന്റെ നോട്ടീസ് സഭയുടെ പരിഗണനയിലിരിക്കെയാണ് താക്കറെ വിഭാഗം അവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടത്.

Tags:    
News Summary - Sena vs Sena Case: Supreme Court Refuses To Refer Pleas To 7-Judge Bench

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.