ന്യൂദല്‍ഹി: ഇന്ത്യ എന്നാൽ രാജ്യവും പൗരന്മാരും എന്നതിൽ നിന്ന് രാജാവും പ്രജയും ആയി മാറിയിരിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.‘പുതിയ പാര്‍ലമെന്റ് പുതിയ ഇന്ത്യ’ എന്ന പ്രൊപ്പഗണ്ട നടപ്പാക്കാനാണ് നരേന്ദ്ര മോദി പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രതിപക്ഷവും ഇല്ലാത്ത പുതിയ ഇന്ത്യയാണ് മോദി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘പുതിയ പ്രൊപ്പഗണ്ട ഉറക്കെ പ്രഖ്യാപിക്കാനാണ് മോദി പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്തത്. ‘പുതിയ പാര്‍ലമെന്റ്, പുതിയ ഇന്ത്യ’ എന്നതാണാ പ്രൊപ്പഗണ്ട. രാഷ്ട്രപതിയില്ലാത്ത, ഉപരാഷ്ട്രപതിയില്ലാത്ത, പ്രതിപക്ഷ പാര്‍ട്ടികളില്ലാത്ത പുതിയ ഇന്ത്യയാണ് മോദി പ്രഖ്യാപിച്ചത്. ഇന്ത്യ എന്നാൽ രാജ്യവും പൗരന്മാരും എന്നതിൽ നിന്ന് രാജാവും പ്രജയും ആയി മാറിയിരിക്കുന്നു’-യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
രാജവാഴ്ചയുടെ കാലത്താണ് ചെങ്കോലുണ്ടായതെന്നും ജനാധിപത്യ രാജ്യത്ത് ചെങ്കോലിന് സ്ഥാനമില്ലെന്നും യെച്ചൂരി മറ്റൊരു ട്വീറ്റിൽ കുറിച്ചു. ‘ഫ്യൂഡല്‍ രാജവാഴ്ചയുടെയും ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും കാലത്തുള്ളതാണ് ചെങ്കോല്‍. ഇന്ത്യന്‍ ജനത ഇത്തരം അടിമത്തങ്ങള്‍ വലിച്ചെറിഞ്ഞ് എല്ലാ ജനതയും തുല്യരാകുന്ന ജനാധിപത്യ റിപ്പബ്ലിക്കിന് തുടക്കമിട്ടു. ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന ജനാധിപത്യത്തില്‍ ചെങ്കോലിന് ഒരു സ്ഥാനവുമില്ല’-അദ്ദഹം എഴുതുന്നു.
നേരത്തേ മോദിയുടെ പാർലമെന്റ് ഉദ്ഘാടനത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജും രംഗത്ത് എത്തിയിരുന്നു. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. ‘ജസ്റ്റ് ആസ്‌കിങ്’ എന്ന ഹാഷ് ടാഗോടെ ചെയ്ത ട്വീറ്റ് ഇംഗ്ലീഷിലും കന്നഡയിലും അദ്ദേഹം പങ്കുവെച്ചു.
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പാർലമെന്റ് മന്ദിരത്തിൽനടന്ന ഉദ്ഘാടന ചടങ്ങുകളെ വിമർശിച്ച് സുപ്രീം കോടതി അഭിഭാഷകനായ പ്രാശാന്ത് ഭൂഷനും രംഗെത്തത്തി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അതിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മത നേതാക്കളെ പങ്കെടുപ്പിച്ച് ആര്‍ഭാടത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ ഭരണഘടനയെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മോദിക്ക് കഴിഞ്ഞ ദിവസം സ്വര്‍ണചെങ്കോല്‍ കൈമാറിയ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള ഹിന്ദു സന്ന്യാസി സംഘത്തിനൊപ്പം മോദിയും ധനമന്ത്രി നിര്‍മല സീതാരാമും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.