ന്യൂഡൽഹി: ട്രെയിനുകളിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരന്മാരുടെ യാത്ര ഇളവുകൾ നിബന്ധനകളോടെ പുനഃസ്ഥാപിക്കാൻ സാധ്യത. ഇളവുകൾ റദ്ദാക്കിയ നടപടിയിൽ വ്യാപക വിമർശനമുയർന്നതോടെയാണ് റെയിൽവേ പുനരാലോചനക്ക് മുതിർന്നത്. ജനറൽ കമ്പാർട്ട്മെന്റുകളിലും സ്ലീപ്പർ ക്ലാസുകളിലും മാത്രമായി ഇളവുകൾ പരിമിതപ്പെടുത്താനും മുതിർന്ന പൗരൻമാരുടെ കുറഞ്ഞ പ്രായപരിധി 70 ആയി ഉയർത്താനും ആലോചനകളുണ്ട്.
നേരത്തെ 58 വയസ്സോ അതിന് മുകളിലോ പ്രായമായ സ്ത്രീകൾക്കും 60 വയസ്സ് പൂർത്തിയായ പുരുഷന്മാർക്കും യാത്രനിരക്കിൽ യഥാക്രമം 50, 40 ശതമാനം ഇളവുണ്ടായിരുന്നു. സൗജന്യങ്ങളുടെ പരിധിയിൽ വരുന്നയാളുകളുടെ എണ്ണം കുറക്കുകയും എ.സി ക്ലാസുകളിലെ ഇളവ് റദ്ദാക്കുകയും ചെയ്യുന്നതോടെ ഈയിനത്തിലുണ്ടായിരുന്ന ഭാരിച്ച ചെലവുകൾ കുറക്കാൻ സാധിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഇളവുകൾ പൂർണമായി റദ്ദാക്കുകയല്ല, മാറ്റങ്ങളോടെ നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ, അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് സൂചന. ഇളവുകൾ പുനഃസ്ഥാപിക്കുന്നത് ഉചിതമല്ലെന്നായിരുന്നു പാർലമെന്റിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. വരുമാനം വർധിപ്പിക്കാനായി എല്ലാ ട്രെയിനുകളിലും പ്രീമിയം തത്കാൽ സംവിധാനം നടപ്പാക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.