മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) തലവൻ ശരദ് പവാറിന്‍റെ രാജിക്കേതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തമാവുന്നു. മുതിർന്ന നേതാവ് ജിതേന്ദ്ര അഹ്വാദ് പാർട്ടിയിലെ തന്റെ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. മറ്റൊരു നേതാവ് അനിൽ പാട്ടീൽ എം.എൽ.എ സ്ഥാനം രാജിവെക്കാൻ തയ്യാറായി. രാജികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.
മുൻ മന്ത്രിയും താനെ നഗരത്തിലെ മുംബ്ര-കൽവ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായ അഹ്വാദ്, മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളും പവാറിന്റെ അടുത്ത അനുയായിയുമാണ്. 2019ൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസും ശിവസേനയും ചേർന്ന് മഹാ വികാസ് അഘാഡി സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
രാജ്യസഭാ കാലാവധി അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലുമോ പ്രസിഡന്റായി തുടരാൻ തങ്ങൾ പവാറിനോട് അഭ്യർഥിക്കുന്നുവെന്നും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും പാട്ടീൽ പറഞ്ഞു.പവാർ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോലാപൂർ ജില്ലയിലെ ഭൂഷൺ ബാഗൽ എന്ന പാർട്ടി പ്രവർത്തകൻ രക്തത്തിൽ എഴുതിയ കത്ത് ലഭിച്ചതായുംപാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സോണിയാ ഗാന്ധിയുടെ വിദേശ വംശജരുടെ പ്രശ്‌നത്തിൽ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ് 1999ൽ എൻ.സി.പി രൂപീകരിച്ച പവാർ, പുതിയ നേതൃത്വത്തിന് വഴിയൊരുക്കുകയാണെന്ന് പറഞ്ഞ് ചൊവ്വാഴ്ച പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. പാർട്ടി നേതാക്കളിൽനിന്നും പ്രവർത്തകരിൽ നിന്നുമുള്ള ശക്തമായ പ്രതിഷേധനത്തേത്തുടർന്ന് തീരുമാനം പുനപ്പരിശോധിക്കാൻ പവാർ സമ്മതം മൂളിയെങ്കിലും ഇതിന് രണ്ടോ മുന്നോ ദിവസത്തെ സാവകാശം ചോദിച്ചിരിക്കുയാണ്. തന്‍റെ ആത്മകഥ പ്രകാശം ചെയ്യുന്നതിനിടെയായിരുന്ന പവാറിന്‍റെ സ്പോടനാത്മകമായ പ്രഖ്യാപനം.പവാറിന്‍റെ മരുമകനും പിന്തുടർച്ചക്കാരനുമായ അജിത് പവാർ പാർട്ടിയിൽ പിളർപ്പിന് ശ്രമിക്കുന്നതായും ബി.ജെ.പിയുമായി സഖ്യത്തിന് ശ്രമിക്കുന്നതായും നേരത്തെ ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.