ഛണ്ഡിഗഢ്: സിഖ് വിഘടനവാദി നേതാവ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിലവിൽ അസം ജയിലിലുള്ള അമൃത്പാൽ സിങ്ങാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ദേശസുരക്ഷാ നിയമപ്രകാരമാണ് അമൃത്പാൽ നിലവിൽ ജയിലിൽ കഴിയുന്നത്. അമൃത്പാലിന്റെ അഭിഭാഷകനാണ് ഇയാൾ മത്സരിക്കുന്ന വിവരം അറിയിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരിക്കും മത്സരം.
അതേസമയം, മകനുമായി വ്യാഴാഴ്ച ഇക്കാര്യം സംസാരിച്ചതിന് ശേഷമേ ലോക്സഭ തെരഞ്ഞെടുപ്പിലെ മത്സരത്തെ കുറിച്ച് പ്രതികരിക്കാനുള്ളുവെന്ന് അമൃത്പാലിന്റെ പിതാവ് താർസേം സിങ് പറഞ്ഞു. നേരത്തെ അമൃത്പാൽ രാഷ്ട്രീയത്തിൽ ചേരാൻ ഒരു താൽപര്യവും കാണിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിബ്രുഗ്രാഹ് ജയിലിൽ പോയി അമൃത്പാൽ സിങ്ങിനെ കണ്ടുവെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഭ്യർഥിച്ചുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. ഖാദൂർ സാഹിബിൽ നിന്നും മത്സരിച്ച് അദ്ദേഹം ലോക്സഭയിലെത്തുമെന്നും അഭിഭാഷകൻ പറഞ്ഞു.
വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലവനാണ് അമൃത്പാൽ സിങ്. കഴിഞ്ഞ ഏപ്രിലിലാണ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ദേശസുരക്ഷാനിയമം ചുമത്തുകയും ചെയ്തു. അമൃത്പാൽ സിങ്ങും ഒമ്പത് അനുയായികളും നിലവിൽ ദിബ്രുഗ്രാഹ് ജയിലിലാണുള്ളത്. കഴിഞ്ഞ വർഷം അമൃത്പാൽ സിങ്ങും അനുയായികളും ചേർന്ന് അമൃത്സറിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഇയാളുടെ അനുയായി ലവ്പ്രീത് സിങ് തൂഫാനെ മോചിപ്പിക്കുന്നതിനായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.