ലഖ്നോ: ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ആധിപത്യം പുലർത്തിയ ബി.ജെ.പി ഇത്തവണ നേരിട്ടത് കനത്ത തിരിച്ചടി. സംസ്ഥാനത്തുടനീളം ഈ തിരിച്ചടി ദൃശ്യമാണെന്ന് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നു. പടിഞ്ഞാറൻ യു.പി, പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ്, അവധ്, ബ്രജ്, രോഹിൽഖണ്ഡ് എന്നിങ്ങനെ ആറ് മേഖലകളിലായാണ് യു.പിയിലെ ലോക്സഭ സീറ്റുകളുള്ളത്. കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റിൽ 62 എണ്ണവും നേടി കുതിപ്പ് നടത്തിയ ബി.ജെ.പി ഇത്തവണ കേവലം 33 സീറ്റുമായി കിതക്കുന്ന കാഴ്ചയാണ് വോട്ടെടുപ്പിനു ശേഷം കാണാനായത്.
പടിഞ്ഞാറൻ യു.പിയിലെ 10ൽ നാല് സീറ്റാണ് ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത്. കഴിഞ്ഞതവണ ആറ് സീറ്റ് നേടിയ സ്ഥാനത്താണ് ഇത്. സഖ്യകക്ഷിയായ ആർ.എൽ.ഡി രണ്ട് സീറ്റും നേടി. എസ്.പി രണ്ടും കോൺഗ്രസും ആസാദ് സമാജ് പാർട്ടിയും ഓരോന്നു വീതവും സീറ്റുകൾ നേടി. അമേത്തി, റായ്ബറേലി, ലഖ്നോ എന്നിവ ഉൾപ്പെടെ പ്രധാന മണ്ഡലങ്ങൾ ഉൾപ്പെടുന്ന അവധ് മേഖലയിലെ 20ൽ ഒമ്പതെണ്ണം മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. എസ്.പി ഏഴും കോൺഗ്രസ് നാലും സീറ്റുകൾ നേടി. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ തോൽവിയാണ് ഇവിടെ ബി.ജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. സുൽത്താൻപൂരിൽ മനേക ഗാന്ധിയുടെയും അമേത്തിയിൽ സ്മൃതി ഇറാനിയുടെയും തോൽവി മറ്റൊരു ആഘാതമായി. ലഖ്നോയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിെന്റ ഭൂരിപക്ഷം കഴിഞ്ഞതവണത്തെ 3.47 ലക്ഷത്തിൽനിന്ന് 1.5 ലക്ഷമായി കുറഞ്ഞതും ക്ഷീണം ചെയ്തു.
11 മണ്ഡലങ്ങളുള്ള രോഹിൽഖണ്ഡ് മേഖലയിൽ നാല് സീറ്റ് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. കഴിഞ്ഞതവണ ഒമ്പത് സീറ്റ് ലഭിച്ചിരുന്നു. ഇവിടെ എസ്.പി ഏഴ് സീറ്റ് നേടി. സംസ്ഥാനത്തെ ഏറ്റവും പിന്നാക്കമേഖലയായ ബുന്ദേൽഖണ്ഡിലും തിരിച്ചടി നേരിട്ടു. ഇവിടെയുള്ള അഞ്ചിൽ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ അഞ്ച് സീറ്റും സ്വന്തമാക്കിയ സ്ഥാനത്താണിത്.
26 മണ്ഡലങ്ങളുള്ള പൂർവാഞ്ചൽ മേഖലയിൽ ബി.ജെ.പിക്ക് 10 സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞതവണ 18 സീറ്റ് ലഭിച്ചിരുന്നു. ഇത്തവണ എസ്.പി 14 സീറ്റും അപ്നാദൾ, കോൺഗ്രസ് എന്നിവ ഓരോ സീറ്റും നേടി. വാരാണസിയിൽ വിജയം നേടിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. കഴിഞ്ഞ തവണത്തെ 4.79 ലക്ഷത്തിൽനിന്ന് 1.52 ലക്ഷമായാണ് ഭൂരിപക്ഷം ഇടിഞ്ഞത്. ബ്രജ് മേഖലയിൽ കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയ ബി.ജെ.പിക്ക് ഇത്തവണ അഞ്ച് സീറ്റ് മാത്രമാണ് ലഭിച്ചത്. എസ്.പി മൂന്ന് സീറ്റ് നേടി.
സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലും കാര്യമായ കുറവുണ്ടായി. കഴിഞ്ഞ തവണ 49.56 ശതമാനം വോട്ട് നേടിയ സ്ഥാനത്ത് ഇത്തവണ 41.37 ശതമാനം മാത്രമാണ് നേടാനായത്. അതേസമയം, കഴിഞ്ഞതവണ വെറും 6.25 ശതമാനം വോട്ട് മാത്രം നേടിയ എസ്.പി വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. ഇത്തവണ 33.59 ശതമാനമാണ് പാർട്ടി നേടിയ വോട്ട്. കോൺഗ്രസിെന്റ വോട്ടുവിഹിതം 1.25 ശതമാനത്തിൽനിന്ന് 9.46 ശതമാനത്തിലേക്ക് ഉയർന്നു. അതേസമയം, കഴിഞ്ഞതവണ 10 സീറ്റും 12.5 ശതമാനം വോട്ടുമുണ്ടായിരുന്ന ബി.എസ്.പിക്ക് ഇത്തവണ 9.39 ശതമാനം വോട്ട് ലഭിച്ചെങ്കിലും സീറ്റൊന്നും കിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.