'അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല, തീരുമാനമുണ്ടാകണം'; എം.എൽ.എമാരുടെ അയോഗ്യത ഹരജിയിൽ മഹാരാഷ്ട്ര സ്പീക്കറോട് സുപ്രീംകോടതി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഷിൻഡെയോടൊപ്പമുള്ള വിമത ശിവസേന എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഹരജിയിൽ നിയമസഭ സ്പീക്കർ തീരുമാനമെടുക്കുന്നത് അനന്തമായി വൈകിപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. തീരുമാനം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാവില്ല. ഒരാഴ്ചക്കുള്ളിൽ ഹരജി പരിഗണിക്കാനും അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും സ്പീക്കർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ​ക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിർദേശം നൽകി.

മുഖ്യമന്ത്രി ഷി​ൻ​ഡെ അ​ട​ക്കം വിമതരായി മാറിയ എം.എൽ.എമാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ശിവസേന​ ഉ​ദ്ധ​വ്​ പ​ക്ഷം സുപ്രീംകോടതിയിൽ ഹരജി ന​ൽ​കി​യ​ിരുന്നു. എന്നാൽ, ച​ട്ട​പ്ര​കാ​രം അ​യോ​ഗ്യ​ത ഹ​ര​ജി​ക​ളി​ൽ തീ​ർ​പ്പ്​ ക​ൽപി​ക്കേ​ണ്ട​ത് നിയമസഭ​ സ്​​പീ​ക്ക​റാ​ണെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി ഹരജി പരിഗണിച്ച് തീ​ർ​പ്പാ​ക്ക​ണമെന്നും കഴിഞ്ഞ മേയിൽ സുപ്രീംകോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ധി​യി​ൽ അ​പാ​ക​ത​യു​ണ്ടെ​ങ്കി​ലെ കോ​ട​തി ഇ​ട​പെ​ടു​ക​യു​ള്ളൂ​വെ​ന്നും​ ചീ​ഫ്​ ജ​സ്റ്റി​സ്​ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച്​ പ​റ​ഞ്ഞി​രു​ന്നു.

കോ​ട​തി​വി​ധി വന്ന് മാസങ്ങൾ പിന്നിട്ടിട്ടും അയോഗ്യതയിൽ സ്പീക്കർ തീരുമാനമെടുക്കാതെ വന്നതോടെയാണ് ഉ​ദ്ധ​വ്​ പ​ക്ഷം വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ഇരുപക്ഷത്തുനിന്നുമായി ഫയൽ ചെയ്ത 34 ഹരജികൾ തീർപ്പ് കാത്തിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 56 എം.എൽ.എമാരുടെ അയോഗ്യതയാണ് ഹരജികളിൽ പരസ്പരം ആവശ്യപ്പെടുന്നത്.

സ്പീക്കറുടെ മുന്നിൽ ഹരജിയെത്തിയിട്ട് ഒന്നും സംഭവിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്പീക്കർ സ്വതന്ത്രമായ ഭരണഘടനാ പദവിയാണെങ്കിലും സുപ്രീംകോടതി ഉത്തരവുകളെ വിലമതിക്കേണ്ടതുണ്ട്. എത്രയും വേഗം നടപടിയെടുക്കാൻ കോടതി നിർദേശിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ നോട്ടീസ് അയക്കുക മാത്രമാണ് ഇതിലുണ്ടായത് -കോടതി പറഞ്ഞു. തുടർന്നാണ് ഒരാഴ്ചക്കകം ഹരജി പരിഗണിക്കാനും തുടർന്ന് ഹരജി തീർപ്പാക്കുന്നതിനുള്ള സമയക്രമം നൽകാനും കോടതി സ്പീക്കർക്ക് നിർദേശം നൽകിയത്. 

ഷിൻഡെ പക്ഷത്തെ 16 എം.എൽ.എമാരാണ് അയോഗ്യത ഭീഷണി നേരിടുന്നത്. ഇവർ അയോഗ്യരാക്കപ്പെടുകയാണെങ്കിൽ ബി.ജെ.പി സഖ്യസർക്കാറിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലാവും. ഇത് മുന്നിൽ കണ്ടാണ് ബി.ജെ.പി എൻ.സി.പിയെ പിളർത്തി അജിത് പവാറിന്‍റെ നേതൃത്വത്തിൽ എം.എൽ.എമാരെ തങ്ങളോടൊപ്പം കൂട്ടിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അ​ജി​ത്​ പ​വാ​റ​ട​ക്കം ഒ​മ്പ​ത്​ വി​മ​ത എം.​എ​ൽ.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​സി.​പി ഔ​ദ്യോ​ഗി​ക പ​ക്ഷ​വും സ്പീക്കർക്ക് ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Set timeline to decide on disqualification pleas SC to Maharashtra Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.