ന്യൂഡൽഹി: 2017 മാർച്ച് 7 ന് ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ നടന്ന സ്‍ഫോടനത്തിൽ ഏഴുപേർക്ക് ലഖ്‌നൗ പ്രത്യേക എൻ.ഐ.എ കോടതി വധശിക്ഷ വിധിച്ചു. മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അസ്ഹർ, ആതിഫ് മുസാഫർ, മുഹമ്മദ് ഡാനിഷ്, സയ്യിദ് മീർ ഹുസൈൻ, റോക്കി എന്ന ആസിഫ് ഇഖ്ബാൽ എന്നിവർക്കാണ് ചൊവ്വാഴ്ച വധശിക്ഷ വിധിച്ചത്. ജബ്ദി സ്റ്റേഷന് സമീപം രാവിലെ 9.30 നും 10 നും ഇടയിലാണ് ട്രെയിനിന്റെ ജനറൽ കോച്ചിൽ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
മറ്റൊരു പ്രതിയായ സൈഫുല്ലയെ സംഭവ ദിവസം ലഖ്നോ ഹാജി കോളനിയിൽ നടത്തിയ റെയ്ഡിനിടെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ പ്രതികൾ സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന ഫോട്ടോകളും ആയുധങ്ങളും വെടിക്കോപ്പുകളും ഐസിസ് പതാകയും കണ്ടെത്തിയതായി എൻ.ഐ.എ വക്താവ് പറഞ്ഞു.
2017 മാർച്ച് 8 ന് യു.പി തീവ്രവാദ വിരുദ്ധ സേന രജിസ്റ്റർ ചെയ്ത കേസ് ആറ് ദിവസത്തിന് ശേഷം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഓഗസ്റ്റ് 31 ന് എട്ട് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കുറ്റവാളികൾ കഠിനമായ ശിക്ഷയ്ക്ക് അർഹരാണെന്നും ജഡ്ജി വി എസ് ത്രിപാഠി നിരീക്ഷിച്ചു. തങ്ങൾ ഇതിനകം അഞ്ച് വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും പ്രതികൾ കോടതിയോട് അപേക്ഷിച്ചിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നും അതിനാൽ ഒരു ശിക്ഷാ ഇളവിനും അർഹതയില്ലെന്നും പറഞ്ഞ കോടതി അപേക്ഷ തള്ളി. വധശിക്ഷ വിധിക്കാൻ ഹൈക്കോടതിയുടെ അനുമതി ആവശ്യമുള്ളതിനാൽ കേസ് ഫയൽ അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റി.
മറ്റൊരുകേസിൽ സഹോദരങ്ങളായ രണ്ടുപേർക്ക് ഗുജറാത്ത് എൻ.ഐ.എ പ്രത്യേക കോടതി 10 വർഷം കഠിന തടവ് വിധിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് നിവാസികളായ വസീം ആരിഫ് റമോദിയ, നയീം ആരിഫ് റമോദിയ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നാണ് ഇവർക്കെതിരായ കേസ്. അക്രമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഓൺലൈൻ ചാറ്റുകളും സന്ദേശങ്ങളും തെളിവുകളായി അന്വേഷണ സംഘം ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.