ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് ഏഴുമരണം. ബാദൽ അങ്കലാഗി ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയിലാണ് സംഭവം. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടും. ഇതിൽ ഒരു കുട്ടി അയൽവാസിയുടേതാണ്.
ഗംഗവ്വ ഖാനഗവി (50), സത്തേവ്വ ഖാനഗവി (45), സവിത ഖാനഗവി (28), ലക്ഷ്മി(15), അർജുൻ (45), പൂജ (എട്ട്), കാശവ്വ കോലെപ്പനവർ (എട്ട്) എന്നിവരാണ് മരിച്ചത്.
അഞ്ചുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അത്താഴം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. കുട്ടികൾ ഉറങ്ങിയിരുന്നു. ഇതിനിടെ ഒരു വശത്തെ മതിൽ ഇടിഞ്ഞ് വീഴുകയും വീട്ടുകാർ അകപ്പെടുകയുമായിരുന്നു. മൂന്നുദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.
മരിച്ചവരുടെ കുടുംബത്തിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ മന്ത്രി ഗോവിന്ദ് കർജോളിനോട് സംഭവസ്ഥലം സന്ദർശിക്കാൻ നിർദേശിച്ചു. ജില്ല പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ എല്ലാ നടപടിക്രമങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.