ബംഗളൂരു: കർണാടക ബെളഗാവി മുദലഗിയിലെ പാലത്തിന് സമീപം അഴുക്കുചാലിൽ ഏഴു ഭ്രൂണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ആശുപത്രികൾക്കെതിരെ നടപടി. മുദലഗിയിലെ വെങ്കടേഷ് മെറ്റേണിറ്റി ആൻഡ് സ്കാനിങ് സെന്റർ, നവജീവന ഹോസ്പിറ്റൽ എന്നിവ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി സീൽ ചെയ്തതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. മഹേഷ് കോനി അറിയിച്ചു. അഞ്ചുമാസം പ്രായമുള്ളതും ഏഴുമാസം പ്രായമുള്ളതുമടക്കം ഏഴ് ഭ്രൂണങ്ങൾ അഞ്ചു പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ അടച്ച നിലയിലാണ് മുദലഗി ടൗൺ ബസ് സ്റ്റാൻഡിന് സമീപത്തെ നടപ്പാലത്തിന് കീഴെ അഴുക്കുചാലിൽ കണ്ടെത്തിയത്. ഭ്രൂണങ്ങളടങ്ങിയ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ അഴുക്കുചാലിൽ ഒഴുകി നടക്കുന്ന നിലയിൽ യാത്രക്കാർ കണ്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ മുദലഗി പൊലീസ് കേസെടുത്തു.
നഗരത്തിലെ ആറു ആശുപത്രികളിൽ പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ശനിയാഴ്ച പരിശോധന നടത്തി. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തിയശേഷം പെൺഭ്രൂണഹത്യ നടത്തിയതാകാമെന്ന നിഗമനത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ അന്വേഷണം. ചോദ്യം ചെയ്യലിൽ വെങ്കടേശ്വര മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോ. വീണ കനകറെഡ്ഡി കുറ്റം സമ്മതിച്ചു. മൂന്നുവർഷം മുമ്പ് ഭ്രൂണഹത്യ നടത്തിയവയാണിവയെന്നും ആശുപത്രിയിൽ കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന ഭ്രൂണങ്ങൾ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന ഭയന്ന് കഴിഞ്ഞദിവസം സ്റ്റാഫിനോട് ഉപേക്ഷിക്കാൻ പറഞ്ഞതാണെന്നും അവർ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.