അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രത്യാക്രമണം: ഏഴ് പാക് സൈനികരും തീവ്രവാദിയും കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ഗുര്‍ണം സിങ് എന്ന ഇന്ത്യന്‍ ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ, കത്തുവ ജില്ലയില്‍ നിയന്ത്രണ രേഖക്കടുത്ത് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തിരിച്ചടിച്ചത്. കഴിഞ്ഞദിവസം, നുഴഞ്ഞുകടക്കാനുള്ള തീവ്രവാദികളുടെ ശ്രമം  ബി.എസ്.എഫ് തകര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മേഖലയില്‍ പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനം. പാക് അതിര്‍ത്തി സേനയിലെ അംഗങ്ങളാണ് (പാക് റെയ്ഞ്ചേഴ്സ്) പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ ജവാനെ ജമ്മു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 രാവിലെ ഒമ്പതരയോടെയാണ് പാക് ഭാഗത്തുനിന്ന് ആദ്യ പ്രകോപനമുണ്ടായത്. തുടര്‍ന്ന്, 15 മിനിറ്റോളം ഇന്ത്യന്‍ പട്ടാളവും തിരിച്ച് വെടിവെച്ചു.  കഴിഞ്ഞ നാലുദിവസമായി ഈ മേഖലയില്‍ ഇരു സൈനികരും പരസ്പരം വെടിവെപ്പ് നടത്തുന്നുണ്ട്. ഈ ദിവസങ്ങളില്‍ പാകിസ്താന്‍ അഞ്ചുതവണയാണ് വെടിനിര്‍ത്തല്‍ ലംഘിച്ചത്. കഴിഞ്ഞദിവസം, രജൗരി ജില്ലയിലും പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിയിരുന്നു. കത്വ ജില്ലയിലെ ഹീര നഗറിനടുത്ത് അതിര്‍ത്തിവഴി നുഴഞ്ഞുകയറാനുള്ള ഭീകരരുടെ നീക്കം കഴിഞ്ഞദിവസം ബി.എസ്.എഫ് തകര്‍ക്കുകയും ഒരു തീവ്രവാദിയെ വധിക്കുകയും ചെയ്തിരുന്നു.

 

Tags:    
News Summary - Seven Pakistani Rangers, One Terrorist Killed Along Jammu Border: BSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.