ര​മേ​ഷ്​ ജാ​ർ​ക്കി​ഹോ​ളി, ഡി.​കെ. ശി​വ​കു​മാ​ർ

ജാർക്കിഹോളിക്കെതിരായ ലൈംഗിക സീഡി: കേസ് സി.ബി.ഐക്കു വിടുന്നു

ബംഗളൂരു: മുൻ മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക സീഡി കേസ് സി.ബി.ഐക്കു വിടാൻ ഭരണകക്ഷിയായ ബി.ജെ.പി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായുള്ള ചർച്ചക്കുശേഷം കേസ് സി.ബി.ഐക്കു വിടുന്ന തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.രമേഷ് ജാർക്കിഹോളി തന്നെ കണ്ട് വിവരങ്ങൾ നൽകിയതായും കേസ് സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ടതായും ആഭ്യന്തരമന്ത്രി പറഞ്ഞു. സീഡി പ്രചരിപ്പിച്ച് ആരുടെയും അന്തസ്സ് ഇല്ലാതാക്കരുത്.

കേസിൽ ആരെങ്കിലും ഉൾെപ്പട്ടിട്ടുണ്ട് എന്ന് തെളിഞ്ഞാൽ പൊലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നതായും ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും ജാർക്കിഹോളിയും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് ബന്ധമുണ്ടെന്നും അദ്ദേഹത്തെ ജയിലിൽ അയക്കുമെന്നും ജാർക്കിഹോളി പ്രഖ്യാപിച്ചിരുന്നു.

സീഡി ഗൂഢാലോചനയിൽ ബംഗളൂരുവിലെ നൂറുകണക്കിന് രാഷ്ട്രീയക്കാർ, ഓഫിസർമാർ, അല്ലാത്തവർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കുടുങ്ങിയിട്ടിട്ടുണ്ട്. തന്‍റെ പക്കൽ ഇതിന്‍റെ 120 തെളിവുകൾ ഉണ്ട്.അവ ഇപ്പോൾ പുറത്തുപറയില്ലെന്നും സി.ബി.ഐ കേസ് അന്വേഷിക്കുമെന്നും ജാർക്കിഹോളി പറഞ്ഞു.

തന്‍റെ രാഷ്ട്രീയഭാവി അവസാനിപ്പിക്കാൻ ഡി.കെ. ശിവകുമാർ ആസൂത്രണം ചെയ്ത് തയാറാക്കിയതാണ് സീഡിയെന്നും ഇത് പ്രചരിപ്പിച്ചതിനു പിന്നിലും ശിവകുമാർ ആണെന്നുമാണ് ജാർക്കിഹോളി പറയുന്നത്.2021 മാർച്ചിലാണ് സംസ്ഥാനത്ത് വൻവിവാദങ്ങൾക്ക് തുടക്കമിട്ട് ലൈംഗിക സീഡി പുറത്തുവന്നത്. തുടർന്ന് മന്ത്രിസഭയിൽനിന്ന് ജാർക്കിഹോളിയെ ബി.ജെ.പിക്ക് പുറത്താക്കേണ്ടിവന്നു. ജെ.ഡി.എസ് നേതൃത്വം നൽകിയ കോൺഗ്രസും കൂടി ചേർന്ന സർക്കാറിനെ മറിച്ചിടാനും അധികാരത്തിലേറാൻ ബി.ജെ.പി ഒരുക്കിയ ഓപറേഷൻ താമരയിലും മുന്നിൽനിന്ന് പ്രവർത്തിച്ചയാളാണ് ജാർക്കിഹോളി.

സീഡി പുറത്തുവന്നതിന് പിന്നാലെ ജാർക്കിഹോളിക്കെതിരെ ബലാത്സംഗ ആരോപണമുയർന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘം ജാർക്കിഹോളിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ തെളിവുകൾ ഇല്ലെന്ന ‘ബി റിപ്പോർട്ട്’ സമർപ്പിച്ചിരുന്നു.മന്ത്രിസ്ഥാനത്ത് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് രമേഷ് ജാർക്കിഹോളി.

Tags:    
News Summary - Sex CD against Jarkiholi: Case handed over to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.