പ്രജ്വൽ രേവണ്ണ 

ലൈംഗിക അതിക്രമക്കേസ്; പ്രജ്വൽ ജർമനിയിൽനിന്ന് മടങ്ങാൻ ടിക്കറ്റെടുത്തു

ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസിനെയും എച്ച്.ഡി.ദേവഗൗഡ കുടുംബത്തെയും മുൾമുനയിൽ നിർത്തിയ ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പി ജർമനിയിൽനിന്ന് മടങ്ങിവരാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. വ്യാഴാഴ്ച മുനിച്ചിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച ബംഗളൂരുവിലെത്തുന്ന രീതിയിലാണ് യാത്ര.

നാളെ രാവിലെ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാവുമെന്ന് അജ്ഞാത കേന്ദ്രത്തിൽനിന്ന് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ഹാസൻ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായ പ്രജ്വൽ 26ന് പോളിങ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് പോവുകയായിരുന്നു.

പ്രജ്വൽ ഉൾപ്പെട്ട കൂട്ടലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ വിഡിയോ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു രാജ്യം വിട്ടത്. കർണാടക സംസ്ഥാന വനിത കമീഷന്റെ അഭ്യർഥനയെത്തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ മാസം 28ന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. അന്വേഷണം വിവിധതലങ്ങളിൽ പുരോഗമിക്കുന്നതിനിടയിലാണ് നാളെ തിരിച്ചെത്തി ഹാജരാവുമെന്ന വിഡിയോ സന്ദേശം പുറത്തുവിട്ടത്.

പ്രത്യേക അന്വേഷണ സംഘത്തെ പ്രജ്വൽ നേരത്തേ രണ്ടുതവണ കബളിപ്പിച്ചിരുന്നു. ജർമനിയിൽ നിന്ന് ലുഫ്താൻസ എയർലൈൻസ് വിമാനത്തിൽ 3.50 ലക്ഷം രൂപയുടെ ബിസിനസ് ടിക്കറ്റ് ബിഹാറിലെ ട്രാവൽ ഏജൻസി മുഖേന പ്രജ്വൽ ബുക്ക് ചെയ്തതിന്റെ രേഖ സംഘടിപ്പിച്ച എസ്.ഐ.ടി അറസ്റ്റ് ചെയ്യാൻ ബംഗളൂരു വിമാനത്താവളത്തിൽ സജ്ജമായെങ്കിലും പ്രതി വന്നിരുന്നില്ല.

വിമാനമിറങ്ങിയ ഉടൻ അറസ്റ്റ് ചെയ്യും -ആഭ്യന്തര മന്ത്രി

കൂട്ട ലൈംഗിക അതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പിയെ (33) വിമാനം ഇറങ്ങിയ ഉടൻ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര ബുധനാഴ്ച പറഞ്ഞു.

എം.പിക്കെതിരെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Sexual assault case-Prajwal bought a ticket to return from Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.