മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില്‍ പിടിയിലായ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെതിരെ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ കുരുക്ക് മുറുക്കുന്നു. കേസിൽ ആര്യൻ ഖാന്‍റെ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. മുംബൈയിലെ എൻ.സി.ബി ഓഫിസിൽ ഉച്ചക്കു ശേഷമാണ് ഡ്രൈവർ ഹാജരായത്.
ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് ഡ്രൈവറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ നിര്‍ണായകമായ കണ്ടെത്തലുകള്‍ എന്‍.സി.ബി നടത്തിയിരുന്നു. ആര്യന്‍റെ ഫോണ്‍ അടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കേസില്‍ ഇതുവരെ 17 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് എന്‍.സി.ബി ഇപ്പോള്‍ നടത്തുന്നത്.
മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടിക്കിടെയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ പിടികൂടിയതെന്നാണ് എൻ.സി.ബി പറഞ്ഞത്. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയതായും അറിയിച്ചിരുന്നു. കപ്പലിൽ നടക്കുന്ന പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.
എന്നാൽ, ആര്യൻ ഖാന്‍റെ കൈയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്നാണ് എൻ.സി.ബി പിന്നീട് കോടതിയിൽ പറഞ്ഞത്. അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി ബന്ധം തെളിയിക്കുന്ന ചാറ്റുകൾ ആര്യന്‍റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന്് എൻ.സി.ബി അവകാശപ്പെട്ടു. ആര്യൻ ഉൾപ്പെടെ കേസിലെ പ്രതികളെ ഒക്ടോബർ 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.