'മിഷൻ ശക്തി, ഓപറേഷൻ ശക്തി'; മുഖം മിനുക്കാൻ സ്ത്രീസുരക്ഷാ പദ്ധതികളുമായി യോഗി സർക്കാർ

ലഖ്നോ: ഹാഥറസ് കൂട്ടബലാത്സംഗത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ഏറെ വിമർശനമേറ്റുവാങ്ങിയ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ മുഖം മിനുക്കാൻ പുതിയ സ്ത്രീസുരക്ഷാ പദ്ധതികളുമായി രംഗത്ത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനായി 'മിഷൻ ശക്തി', 'ഓപറേഷൻ ശക്തി' എന്നീ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒക്ടോബർ 17ന് ഇവ ഉദ്ഘാടനം ചെയ്യും.

ആറ് മാസത്തേക്കാണ് പദ്ധതി നടപ്പാക്കുക. യു.പി പൊലീസ് ഡി.ജി.പിക്കും അഡി. ചീഫ് സെക്രട്ടറിക്കുമാണ് മേൽനോട്ട ചുമതല.

സ്ത്രീസുരക്ഷാ ബോധവത്കരണ ക്യാമ്പയിനുകളാണ് മിഷൻ ശക്തി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. പ്രത്യേക പരിശീലനം, കൂട്ടായ പ്രവർത്തനങ്ങൾ, വോയിസ് മെസേജുകൾ വഴിയുള്ള ബോധവത്കരണം, ഇന്‍റർവ്യൂകൾ തുടങ്ങിയവ മിഷൻ ശക്തിയുടെ ഭാഗമായി സംഘടിപ്പിക്കും.

ക്രിമിനലുകളെ നിരീക്ഷിക്കുകയും ആക്രമണങ്ങൾ തടയുകയുമാണ് ഓപറേഷൻ ശക്തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകൾക്കെതിരായ ആക്രമണ കേസുകളിൽ ജയിലിൽ കഴിഞ്ഞ ക്രിമിനലുകളുടെ പട്ടിക തയാറാക്കും. ഇവർ കൂടുതൽ കുറ്റകൃത്യങ്ങളിലേർപ്പെടുന്നത് തടയും -യു.പി പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യു.പിയിലെ 75 ജില്ലകളിലെയും മുഴുവൻ പഞ്ചായത്തുകളിലും ഈ പദ്ധതികൾ കൃത്യമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഓഫിസുകളിലും വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ മറ്റ് സ്ഥാപനങ്ങളിലും ഇവ നടപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.

ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയം ദേശീയ തലത്തിൽ ചർച്ചയായിരുന്നു. കേസിലെ പ്രതികളെ പൊലീസ് ആദ്യം സംരക്ഷിക്കാൻ ശ്രമിച്ചതും പിന്നീട് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ പോലും സമ്മതമില്ലാതെ പാതിരാത്രിയിൽ പൊലീസ് കത്തിച്ചതും വൻ വിവാദമായിരുന്നു. ഹാഥറസ് സംഭവത്തിന് പിന്നാലെ യു.പിയിൽ നിന്നും നിരവധി ലൈംഗികാതിക്രമ സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ പ്രതിച്ഛായ വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 

Tags:    
News Summary - ‘Shakti’ drive to raise awareness & track ‘criminals’ — Yogi govt’s makeover bid after Hathras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.