ബംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ സ്ത്രീകൾക്ക് കർണാടക ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര സൗജന്യമാക്കിയ ‘ശക്തി’ പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ ജി.എസ്.ടി വരുമാനം വർധിച്ചതായി പഠനം. തൊഴിൽരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വർധിച്ചതായും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ കൂടിയതായും സംസ്ഥാന സർക്കാറിന് കീഴിലുള്ള ഫിസ്കൽ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഇതെല്ലാം ജി.എസ്.ടി വർധിക്കാൻ കാരണമായി. കഴിഞ്ഞവർഷം ജൂണിലാണ് ശക്തി പദ്ധതി ആരംഭിച്ചത്. ഈ വർഷം മാർച്ച് വരെ സംസ്ഥാനം സംഭരിച്ച ജി.എസ്.ടി തുകയിൽ മുൻവർഷത്തെക്കാൾ 309.64 കോടി രൂപ വർധിച്ചതായാണ് കണക്ക്. ഇത് സ്ത്രീകളുടെ ക്രയവിക്രയശേഷി വർധിച്ചതുകൊണ്ടാണെന്ന് പഠനം പറയുന്നു. ബസ് യാത്ര സൗജന്യമാക്കിയതോടെ സ്ത്രീകളുടെ വരുമാനത്തിൽ വർധനയുണ്ടായി.
ഈ തുക അവർ സാധനങ്ങൾ വാങ്ങിയും മറ്റും ചെലവഴിച്ചു. ഇതാണ് സർക്കാറിന്റെ നികുതിവരുമാനം വർധിപ്പിച്ചത്. പദ്ധതിയുടെ ഫലമായി അടുത്ത സാമ്പത്തികവർഷം 371.57 കോടി രൂപയുടെ വർധനയുണ്ടാകുമെന്ന് പഠനം പ്രവചിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഞ്ചിന വാഗ്ദാന പദ്ധതികളിലൊന്നായിരുന്നു ശക്തി പദ്ധതി.
കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കി. ഇതോടെ സംസ്ഥാനത്ത് യാത്രചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുതിച്ചുയർന്നു. തീർഥാടന കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്തുന്ന സ്ത്രീകളുടെ എണ്ണവും കൂടി. ക്ഷേത്രങ്ങളിലെ വരുമാനവും ഇതിന്റെ ഫലമായി വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.