മുംബൈ: എൻ.സി.പിയെ പിളർത്തിയ അജിത് പവാറിനൊപ്പം 31 എം.എൽ.എമാരും ആറ് നിയമസഭ കൗൺസിൽ അംഗങ്ങളും ഒരു എം.പിയുമെന്ന് സൂചന. ചിത്രം ഇനിയും വ്യക്തമല്ല. 40 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് അവകാശപ്പെടുമ്പോഴും കൃത്യമായ കണക്ക് പറയുന്നില്ല. 53 എം.എൽ.എമാരിൽ 31 പേരാണ് അജിത്പവാറിന് രേഖാമൂലം ഉറപ്പുനൽകിയതെന്നാണ് വിവരം.
12 പേർ ഔദ്യോഗിക പക്ഷത്ത് ഉറച്ചുനിൽക്കുന്നു. ശേഷിച്ച ഒമ്പത് പേരുടെ നിലപാട് എന്തെന്ന് ഇനിയും വ്യക്തമല്ല. സുനിൽ തത്കരെയാണ് അജിത് പക്ഷത്തുള്ള ഏക എം.പി. ഞായറാഴ്ച അജിത്തിനൊപ്പം പോയ മറ്റൊരു എം.പി മറാത്തി സിനിമാതാരം അമുൽ കോലെ പവാർ പക്ഷത്ത് തിരിച്ചെത്തി. താൻ പവാറിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂരിപക്ഷം പേരും അജിത്തിനൊപ്പമാണെന്ന് ഔദ്യോഗികപക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും പലരും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. പാർട്ടി പേരും തെരഞ്ഞെടുപ്പ് ചിഹ്നവും അജിത്പവാർ കൊണ്ടുപോകുമെന്നാണ് സൂചനകൾ. ഒരു നിയമപോരിനുമില്ലെന്ന് ശരദ്പവാർ വ്യക്തമാക്കിക്കഴിഞ്ഞു.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അവരുടെ സഹായത്തോടെ പാർട്ടിയെ പുതുക്കിപ്പണിയുമെന്നുമാണ് പവാർ പറയുന്നത്. 1980ലെ സമാന അനുഭവമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അഴിമതിക്കേസുകളുടെ പേരിലുള്ള സമ്മർദമാണ് വിമതർക്കുപിന്നിലെന്ന് പവാറും പറയുന്നു. അഴിമതിക്കേസുകൾ നേരിടുന്നവരാണെങ്കിലും തന്റെ മുൻ സഹപ്രവർത്തകർക്ക് മന്ത്രിപദം നൽകിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
പാർട്ടിയിലെ പിളർപ്പിനുപിന്നാലെ ജനപിന്തുണ കാണിക്കാൻ കരാടിലുള്ള ആദ്യ മഹാരാഷ്ട്ര മുഖ്യമന്ത്രി യശ്വന്ത് റാവു ചവാന്റെ സമാധിയിൽ ചെന്ന് പവാർ ആദരവ് അർപ്പിച്ചു. എൻ.സി.പിയെ പിളർത്തിയവരെ അവർ അർഹിക്കുന്നിടത്ത് കൊണ്ടിരുത്തുമെന്നും സമാധാനത്തോടെ കഴിയുന്ന സാധാരണ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുകയും കലാപമുണ്ടാക്കുകയും ചെയ്യുന്നതായും ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അടിയന്തരഘട്ടമാണ് ഇതെന്നും പവാർ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ ബി.ജെ.പി സമൂഹത്തിൽ വിഭജനം ഉണ്ടാക്കുകയാണെന്നും പവാർ ആരോപിച്ചു.
സത്താറ/ കരാട് (മഹാരാഷ്ട്ര): അനന്തരവൻ അജിത് പവാറിന്റെ അട്ടിമറി തന്റെ ആശീർവാദത്തോടെയാണെന്ന ആരോപണം തള്ളി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ചില നേതാക്കളുടെ പ്രവൃത്തികൾ കാരണം ആശങ്കയിലായ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം ഉറപ്പിച്ചുനിർത്താൻ സംസ്ഥാനത്തുടനീളം സഞ്ചരിക്കുമെന്നും സത്താറയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തന്റെ അറിവോടെയാണ് അജിത്തിന്റെ കൂറുമാറ്റമെന്ന ആരോപണം നിലവാരമില്ലാത്തതാണെന്നു പറഞ്ഞ പവാർ, ബുദ്ധിശൂന്യർ മാത്രമേ ഇതുപറയൂ എന്നും കൂട്ടിച്ചേർത്തു.
പുതിയ സാഹചര്യത്തിൽ സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട കോൺഗ്രസിന്റെ നിലപാട് ന്യായമാണെന്നും പവാർ വിശദീകരിച്ചു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 45 അംഗങ്ങളുണ്ട്. 53 അംഗങ്ങളുള്ള എൻ.സി.പിയുടെ 40 പേരുടെ പിന്തുണ ഇപ്പോൾ തങ്ങൾക്കുണ്ടെന്ന് അജിത്പക്ഷം അവകാശപ്പെട്ടതോടെ പ്രതിപക്ഷ നിരയിലെ വലിയ കക്ഷിയായി കോൺഗ്രസ് മാറിയിട്ടുണ്ട്. അതേസമയം, പാർട്ടി അംഗം ജിതേന്ദ്ര അവാധിനെ പ്രതിപക്ഷ നേതാവാക്കണെമന്നാവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ നിയമസഭ സ്പീക്കർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
‘‘എനിക്കു ലഭിച്ച വിവരമനുസരിച്ച് കൂടുതൽ അംഗങ്ങൾ കോൺഗ്രസിനാണ്. അതുെകാണ്ടുതന്നെ പ്രതിപക്ഷ നേതൃസ്ഥാനമെന്ന അവരുടെ ആവശ്യം ന്യായമാണ്’’ -അദ്ദേഹം പറഞ്ഞു.
അജിത് പവാറിനെയും എട്ട് എൻ.സി.പി എം.എൽ.എമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജയന്ത് പാട്ടീൽ സ്പീക്കർക്ക് കത്തു നൽകിയതിനെപ്പറ്റി ചോദിച്ചപ്പോൾ, താനൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ജയന്ത് പാട്ടീലും സഹപ്രവർത്തകരുമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും അതവരുെട വിവേചനാധികാരമാണെന്നുമായിരുന്നു ശരത് പവാറിന്റെ മറുപടി.മറ്റു പാർട്ടികളെ തകർക്കാൻ ബി.ജെ.പി നടത്തിയ തന്ത്രങ്ങളിൽ നമ്മുടെ ചിലയാളുകൾ വീണെന്ന് കാരാടിൽ എൻ.സി.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുവേ അദ്ദേഹം പറഞ്ഞു.
പിളർപ്പിനുശേഷം പുണെയിൽനിന്ന് തിങ്കളാഴ്ച രാവിലെ കരാടിലേക്ക് യാത്ര തിരിച്ച എൻ.സി.പി അധ്യക്ഷൻ വിവിധ കേന്ദ്രങ്ങളിൽ കാത്തുനിന്ന പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കരാടിൽ ആയിരക്കണക്കിന് പ്രവർത്തകർ പവാറിനെ സ്വീകരിക്കാനെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പൃഥിരാജ് ചവാനും ചടങ്ങിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.