മുംബൈ: കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന, ശരദ് പവാർ പക്ഷ എൻ.സി.പി 85-85-85 സമവാക്യത്തിൽ മത്സരിക്കാൻ തീരുമാനിച്ചതായി എം.വി.എ സഖ്യം. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മുന്നോട്ടുവെച്ച സമവാക്യം മൂന്ന് പാർട്ടികളും അംഗീകരിച്ചതായി വാർത്തസമ്മേളനത്തിൽ എം.വി.എ നേതാക്കൾ അറിയിച്ചു.
കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ, ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്ത്, പവാർ പക്ഷ നേതാവ് ജയന്ത് പാട്ടീൽ എന്നിവരാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്. 288 സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതിൽ 255 സീറ്റുകളിൽ ധാരണയായതായി പറഞ്ഞ നേതാക്കൾ 33 സീറ്റുകൾ സി.പി.എം, സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി തുടങ്ങി ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ ചെറു പാർട്ടികൾക്ക് മാറ്റിവെച്ചതായി അറിയിച്ചു. ചെറു പാർട്ടികളുമായി വ്യാഴാഴ്ച ചർച്ച നടത്തുമെന്നും വ്യക്തമാക്കി.
വിദർഭയിലെ സീറ്റുകളെ ചൊല്ലി കോൺഗ്രസും ഉദ്ധവ് പക്ഷവും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഉദ്ധവ് പക്ഷം സമ്മർദ തന്ത്രങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. ഒടുവിൽ പവാർ ഇടപെടുകയായിരുന്നു. ബുധനാഴ്ച ആദ്യം കോൺഗ്രസ് നേതാക്കളെ കണ്ട പവാർ പിന്നീട് ഉദ്ധവ് പക്ഷ നേതാക്കളെയും കണ്ടു. പിന്നീട് മൂന്ന് പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് 85-85-85 സമവാക്യം രൂപപ്പെട്ടത്. ഇതിനിടയിൽ ഉദ്ധവ് പക്ഷം 65 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിടുകയും ചെയ്തു.
പാർട്ടിയെ പിളർത്തി ബി.ജെ.പി പാളയത്തിൽ പോയി മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെക്കെതിരെ കൊപ്രി-പഞ്ച്പഖഡിയിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു ആനന്ദ് ദീഗെയുടെ അനന്തരവൻ കേദാർ ദിഗെക്കാണ് ഉദ്ധവ് പക്ഷം സീറ്റ് നൽകിയത്. ഉദ്ധവിന്റെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ സിറ്റിങ് സീറ്റായ വർളിയിൽ മത്സരിക്കും. പാർട്ടി പിളർന്നപ്പോൾ ഒപ്പം നിന്ന എം.എൽ.എമാർ ആദ്യ പട്ടികയിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.