പുനെ: ഉദ്ധവ് താക്കറെക്ക് ശിവസേനയുടെ പേരും ചിഹ്നവും നഷ്ടമായത് കാര്യമാക്കേണ്ടതില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവിയും സഖ്യകക്ഷിയുമായ ശരത് പവാർ. പുതിയ ചിഹ്നം ആളുകൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമീഷൻ ശിവ സേന എന്ന പാർട്ടി പേരും അമ്പും വില്ലും എന്ന ചിഹ്നവും ഷിൻഡെ പക്ഷത്തിന് അനുവദിച്ചത്.
തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം അംഗീകരിക്കാനും പുതിയ ചിഹ്നം സ്വീകരിക്കാനുമാണ് എൻ.സി.പി നേതാവ് താക്കറെക്ക് നൽകിയ ഉപദേശം.
‘അത് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനമാണ്. ഒരിക്കൽ ഒരു തീരുമാനമെടുത്താൽ പിന്നീടതിൽ ചർച്ച ഇല്ല. അത് അംഗീകരിക്കുക, പുതിയ ചിഹ്നം സ്വീകരിക്കുക. ചിഹ്നം നഷ്ടമായത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കില്ല. ആളുകൾ പുതിയതിനെ സ്വീകരിക്കും. ചിഹ്നം നഷ്ടപ്പെട്ടുവെന്ന കാര്യം 15-30 ദിവസം ചർച്ച ചെയ്യുമായിരിക്കും. അത്രയേയുള്ളൂ.’ - ശരത് പവാർ വ്യക്തമാക്കി.
കോൺഗ്രസിനും ഇതേ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ‘ഞാൻ ഓർക്കുന്നു, ഇന്ദിരാഗാന്ധിയും ഇതേ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കാളയും കലപ്പയുമായിരുന്നു കോൺഗ്രസ് ഉപയോഗിച്ചിരുന്ന ചിഹ്നം. പിന്നീട് അവർക്കത് നഷ്ടമായി. അവർ ‘കൈ’ സ്വീകരിച്ചു. ജനങ്ങളും അത് സ്വീകരിച്ചു. അതുപോലെ ജനങ്ങൾ ഉദ്ധവിന്റെ പുതിയ ചിഹ്നവും സ്വീകരിക്കും.’ -ശരത് പവാർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം ഷിൻഡെ പക്ഷം സ്വീകരിച്ചപ്പോൾ സുപ്രീംകോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.