ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന് നടക്കാനിരിക്കെ, ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച് ശശി തരൂർ എം.പി. 10 ജൻപഥ് റോഡിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കെ, സന്ദർശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രാധാന്യത്തോടെയാണ് കാണുന്നത്.
കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജയപ്രകാശ് അഗർവാൾ, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂർ എത്തിയത്.
അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നതായ റിപ്പോർട്ടുകൾ ശശി തരൂർ തള്ളിയിരുന്നില്ല. ആര് മത്സരിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് തരൂർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.
ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചാൽ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചനയാണ് തരൂർ നൽകിയത്. തരൂർ മത്സരത്തിനൊരുക്കമല്ലെങ്കിൽ മനീഷ് തിവാരിയാകും രംഗത്തുണ്ടാവുക. ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ചർച്ചകൾ സജീവമാണ്. ഗാന്ധി കുടുംബത്തിൽനിന്ന് ആരെങ്കിലുമാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെങ്കിൽ ജി-23 ഗ്രൂപ്പിന്‍റെ ഭാഗമായ നേതാക്കൾ മത്സരത്തിനുണ്ടായേക്കില്ല.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് നെഹ്റുകുടുംബം പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തുനിന്ന് ഒരാൾ വരണമെന്നും തരൂർ നേരത്തെ പറഞ്ഞിരുന്നു. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടി പ്രസിഡന്റാകട്ടെ. ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണ്. അത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നുമാണ് തരൂർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.