ബി.ജെ.പി അംഗങ്ങളെ വിലക്കണമെന്ന് കുവൈത്ത് എം.പിമാര്‍; ആഭ്യന്തര പ്രവൃത്തികള്‍ക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുണ്ടാകുന്നുവെന്ന് തരൂര്‍

ബി.ജെ.പി അംഗങ്ങള്‍ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കണമെന്ന് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടി ശശി തരൂർ എം.പി. ആഭ്യന്തര പ്രവൃത്തികള്‍ക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു എന്നുപറഞ്ഞാണ് തരൂർ സംഭവം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


'ആഭ്യന്തര പ്രവൃത്തികള്‍ക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയും അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗള്‍ഫ് മേഖലയില്‍ ഉടനീളം ഞെട്ടലുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളില്‍ നിന്ന് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. 'ഇന്ത്യയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങള്‍ക്ക് ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത് എന്നാണവര്‍ പറയുന്നത്'-തരൂര്‍ ട്വീറ്റിൽ പറഞ്ഞു. തരൂരിന്റെ ട്വീറ്റിനെനെതിരെ കുവൈത്തിലെ ഇന്ത്യന്‍ എംബസി രംഗത്തുവന്നു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ ആദരിച്ച വ്യക്തിയുടെ ഇന്ത്യാവിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റ് ശശി തരൂര്‍ പങ്കുവെച്ചെന്നാണ് എംബസിയുടെ വിമര്‍ശനം.


'ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസ് ലഭിച്ച പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ആരാധ്യനായ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം റീട്വീറ്റ് ചെയ്ത് കാണുന്നത് സങ്കടകരമാണ്. ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്'-കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. പിന്നീട് എംബസിയുടെ വിമർശനത്തിന് മറുപടിയുമായും തരൂർ രംഗത്ത് എത്തി.


'ഞാൻ ഒരിക്കലും കേട്ടിട്ടില്ലാത്ത ഈ വ്യക്തിയെ ഞാൻ അംഗീകരിക്കുന്നില്ല. എന്നാൽ അദ്ദേഹം പ്രകടിപ്പിക്കുന്ന വികാരത്തെക്കുറിച്ച് ആശങ്കയുണ്ട്. ഇത് ഇന്ത്യയുടെ സുഹൃത്തുക്കളായ പലരും സങ്കടത്തോടെ പങ്കിടുന്നുണ്ട്. എംബസിയുടെ അഭിപ്രായം സ്വീകരിക്കുമ്പോൾ തന്നെ ഇന്ത്യാവിരുദ്ധ ആശയങ്ങൾക്ക് വളമിട്ടു കൊടുക്കരുതെന്ന് സർക്കാരിനോട് ഞാൻ ആവശ്യപ്പെടുന്നു'-തരൂർ കുറിച്ചു.


ബി.ജെ.പി അംഗങ്ങളെ വിലക്കണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് സാലിഹ് അല്‍ ദിയാബ് ഷലാഹി എം.പിയുടെ നേതൃത്വത്തിലുള്ള 12 എം.പിമാരാണ് സ്പീക്കര്‍ മര്‍സ്സൂഖ് അല്‍ ഘാനമിനു കത്ത് നല്‍കിയത്. ഇന്ത്യയാകെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം.പിമാര്‍ കുവൈറ്റ് പാര്‍ലമെന്റില്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എം.പിമാരുടെ ആവശ്യം.

Tags:    
News Summary - Shashi Tharoor rapped by embassy in Kuwait for sharing 'anti-India' tweet. He clarifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.