കോൺഗ്രസിനെ കുറിച്ച് തനിക്ക് വ്യക്തമായ കാഴചപ്പാടുണ്ടെന്ന് എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ. മത്സരിക്കാനുള്ള പത്രിക നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നാണ് അധ്യക്ഷ തന്നോട് പറഞ്ഞതെന്നും അതിന് ശേഷമാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും തരൂർ പറഞ്ഞു. അധ്യക്ഷ പറഞ്ഞതിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കോൺഗ്രസിനെ കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് തുറന്നു പറയും. മറ്റുള്ളവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ടാകും. ശേഷം വോട്ടർമാർ തീരുമാനമെടുക്കട്ടെ' -തരൂർ പറഞ്ഞു.
എല്ലാ തീരുമാനങ്ങളും ഡൽഹിയിൽ നിന്ന് വരാൻ കാത്തിരിക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടായാൽ കോൺഗ്രസ് മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർക്കും താഴെക്കിടയിലുള്ള ഭാരവാഹികൾക്കും അധികാരങ്ങൾ നൽകണം. കോൺഗ്രസ് അധ്യക്ഷൻ തീരുമാനമെടുക്കുമെന്ന് രണ്ടു വരി പ്രമേയം പാസാക്കുന്നത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള അവസ്ഥ തുടരണമെന്ന് ആഗ്രഹിക്കുന്നവർ അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയും പിന്തുണക്കുമെന്നും നിലവിലുള്ള അവസ്ഥയിൽ മാറ്റം ആഗ്രഹിക്കുന്നവർ തന്നെ പിന്തുണക്കുമെന്നും തരൂർ പറഞ്ഞു. ഖാർഗെയെ കുറിച്ചോ ത്രിപാഠിയെ കുറിച്ചോ മോശമായൊന്നും പറയാനില്ലെന്നും കോൺഗ്രസിനെ കുറിച്ച് ഒാരോരുത്തർക്കും ഒാരോ ഐഡിയയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള രണ്ട് യുവനേതാക്കളായ ശബരീനാഥനും മാത്യു കുഴൽ നാടനും തന്നെ പിന്തുണച്ച് രംഗത്തെത്തിയത് തരൂർ ചൂണ്ടികാണിച്ചു. മുതിർന്ന നേതാക്കൾ ആദരണീയരാണെങ്കിലും പുതിയ തലമുറക്ക് ചിലത് പറയാനുണ്ടെന്നും പുതിയ ആശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.