ന്യൂഡൽഹി: കോൺഗ്രസിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് വാർത്തസമ്മേളനം നടത്തിയ മുതിർന്ന നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബലിെൻറ വസതിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തെച്ചൊല്ലി കോൺഗ്രസിൽ വാക്പയറ്റ്.
സിബലിെൻറ വസതിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും തക്കാളിയേറ് നടത്തുകയും കാറിന് കേടുവരുത്തുകയും ചെയ്ത സംഭവങ്ങളിലെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ജി-23 'വിമത' സംഘത്തിലെ നിരവധി നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ശശി തരൂർ, ആനന്ദ് ശർമ, മനീഷ് തിവാരി തുടങ്ങിയവരാണ് സിബലിനെതിരായ പ്രതിഷേധത്തെ അപലപിച്ചത്. ജനാധിപത്യപരമായി അഭിപ്രായം പ്രകടിപ്പിക്കുകയാണ് സിബൽ ചെയ്തതെന്നും അതിനെ ഇത്തരത്തിൽ നേരിടുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
സിബൽ യഥാർഥ കോൺഗ്രസുകാരനാണെന്ന് തരൂർ പറഞ്ഞു. കോൺഗ്രസിനുവേണ്ടി നിരവധി കേസുകൾ സുപ്രീംകോടതിയിൽ വാദിച്ച അഭിഭാഷകനാണ് അദ്ദേഹം. ജനാധിപത്യ പാർട്ടിയെന്ന നിലയിൽ അദ്ദേഹം പറയുന്നത് കോൺഗ്രസ് കേൾക്കണം. വിയോജിപ്പ് പ്രകടിപ്പിക്കുന്ന രീതി ഇതല്ല. ബി.ജെ.പിയെ നേരിടാൻ പാർട്ടി ശക്തിപ്പെടുത്തുകയാണ് കോൺഗ്രസുകാർ ഒന്നിച്ചുനിന്ന് ചെയ്യേണ്ടതെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നവരുമുണ്ട്. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, മുഖ്യമന്ത്രിയുടെ പാർട്ടി എതിരാളിയായി അറിയപ്പെടുന്ന ടി.എസ്. സിങ്ദേവ് എന്നിവരും യൂത്ത് കോൺഗ്രസ് നേതാവ് ബി.വി. ശ്രീനിവാസും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, ജി-23 നേതാക്കൾ ഉയർത്തുന്ന വിഷയങ്ങൾ കേൾക്കാൻ പാർട്ടി നേതൃത്വം തയാറാകേണ്ടതുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയ അമരീന്ദർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.