ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ കാരണം സമൂഹിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർ പലപ്പോഴും അബദ്ധത്തിൽ ചാടാറുണ്ട്. ഇത്തരത്തിൽ വ്യാജവാർത്തയാണെന്ന് അറിയാതെ അനുശോചന കുറിപ്പ് ട്വീറ്റ് ചെയ്ത എഴുത്തുകാരനും കോൺഗ്രസ് എം.പിയുമായ ശശി തരൂരാണ് കുഴപ്പത്തിലായത്. ലോക്സഭ മുൻ സ്പീക്കർ സുമിത്ര മഹാജന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി തരൂർ ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സുമിത്രാ മഹാജൻ അന്തരിച്ചെന്ന് തരത്തിൽ വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തരൂർ, വ്യാജ വാർത്തയാണെന്ന് മനസിലാക്കാതെ ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു. സ്പീക്കറായിരിക്കെ സുമിത്ര മഹാജന്‍റെ നിർദേശ പ്രകാരം മോസ്കോയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ സമ്മേളനത്തിൽ പാർലമെന്‍റ് പ്രതിനിധി സംഘത്തെ നയിച്ചതും തരൂർ ട്വീറ്റിൽ അനുസ്മരിച്ചു.
തരൂരിന്‍റെ ട്വീറ്റ് ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാശ് വിജയ് വാഗിയ രംഗത്തെത്തി. 'സുമിത്ര മഹാജന് സുഖമായി ഇരിക്കുന്നുവെന്നും ദീർഘകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ' എന്നും വിജയ് വാഗിയ ട്വീറ്റ് ചെയ്തു.
പിഴവ് മനസിലാക്കിയ തരൂർ, വിജയ് വാഗിയക്ക് നന്ദി രേഖപ്പെടുത്തുകയും അനുശോചനം രേഖപ്പെടുത്തിയുള്ള ട്വീറ്റ് നീക്കം ചെയ്തതായി ചൂണ്ടിക്കാട്ടി മറുപടി ട്വീറ്റ് ഇടുകയും ചെയ്തു. സുമിത്രാജിയുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും തരൂർ ആശംസകൾ നേർന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷിച്ച വാർത്തകൾ കണ്ടുപിടിക്കാനും പ്രചരിപ്പിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതിന് പിന്നിൽ എന്താണെന്ന് തന്നെ അത്ഭുതപ്പെടുന്നതായും തരൂർ ചൂണ്ടിക്കാട്ടി.
തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ ട്വീറ്റ് ചെയ്തതിൽ സുമിത്ര മഹാജന്‍റെ മകനെ ഫോണിൽ വിളിച്ച് ശശി തരൂർ ക്ഷമാപണം അറിയിച്ചു. അദ്ദേഹം കൃപയും വിവേകവും ഉള്ള വ്യക്തിയാണ്. അവർ (സുമിത മഹാജൻ) സുഖമായി ഇരിക്കുന്നുവെന്നത് സന്തോഷകരമാണ്. അവരുടെ കുടുംബത്തിന് എന്‍റെ ആശംസകൾ നേർന്നതായും ശശി തരൂർ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.