ന്യൂഡൽഹി: ഒമ്പതാം അന്തർദേശീയ യോഗ ദിനത്തിൽ യോഗയെ ഇത്രയേറെ ജനകീയമാക്കിയതിന് മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന് പ്രത്യേക നന്ദിയറിയിച്ച് കോൺഗ്രസ്. ജവഹർലാൽ നെഹ്റുവിന്റെ ചിത്രം സഹിതമാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്.
അതേസമയം, യോഗയുടെ പ്രചാരണത്തിന് ക്രെഡിറ്റ് കോൺഗ്രസിനു മാത്രമല്ല, ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാരിനും കൂടി നൽകിയാണ് ശശിതരൂർ ട്വീറ്റിന് മറുപടി നൽകിയത്.
തീർച്ചയായും...കേന്ദ്രസർക്കാർ ഉൾപ്പെടെ യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത എല്ലാവരെയും അംഗീകരിക്കണം.''-എന്നായിരുന്നു തരൂരിന്റെ മറുപടി. പതിറ്റാണ്ടുകളായി ഞാൻ വാദിക്കുന്നത് പോലെ ലോകമെമ്പാടുമുള്ള നമ്മുടെ ശക്തിയുടെ സുപ്രധാനഭാഗമാണ് യോഗ. അത് അംഗീകരിക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
നേരത്തേ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് മതിമറക്കരുതെന്ന് തരൂർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു സംസ്ഥാനത്ത് വിജയിച്ചാൽ ദേശീയതലത്തിൽ വിജയം കൂടെ വരും എന്ന് കരുതരുതെന്നായിരുന്നു തരൂർ പറഞ്ഞത്.2019ൽ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു വിജയം. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മറക്കരുതെന്നും തരൂർ ഓർമപ്പെടുത്തി.
'യോഗ വസുധൈവ കുടുംബത്തിന്' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന സന്ദേശം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു.എസിൽ എത്തിയ പ്രധാനമന്ത്രി മോദി യു.എൻ ആസ്ഥാനത്തെ പുൽത്തകിടിയിലാണ് യോഗ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.