കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പ് വിജയം മുഖ്യമന്ത്രി മമത ബാനർജിക്ക് സമർപ്പിച്ച് ബാബുൽ സുപ്രിയോ. അസൻസോൾ ലോക്സഭ മണ്ഡലത്തിൽ ശരതുഘ്നൻ സിൻഹയുടെ വിജയം ഭാരതീയ ജനത പാർട്ടിയുടെ (ബി.ജെ.പി) മുഖത്തേറ്റ അടിയാണെന്ന് ബാബുൽ സുപ്രിയോ പറഞ്ഞു.
'പൊതു സേവനത്തിലേക്ക് എന്നെ തിരികെ കൈപിടിച്ചുയർത്തിയ ബഹുമാനപ്പെട്ട മമത ബാനർജിക്ക് ഞാൻ ഈ വിജയം വിനയപൂർവ്വം സമർപ്പിക്കുന്നു'-സുപ്രിയോ ട്വിറ്ററിൽ കുറിച്ചു.
'മൂന്ന് ലക്ഷത്തിൽ പരം വോട്ടിന് വിജയിച്ച നിയുക്ത അസൻസോൾ എം.പി ശത്രുഗൻ സിൻഹജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അസൻസോളിൽ ബി.ജെ.പി ഒരിക്കലും ഒരു ഘടകമല്ല. ബാബുലിന്റെ ആത്മാർത്ഥതയായിരുന്നു'-സുപ്രിയോ പറഞ്ഞു.
ബംഗാളിലെ ബാലിഗഞ്ച് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൽ സുപ്രിയോ 20,056 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. സി.പി.എം സ്ഥാനാർഥി സൈറ ഷാ ഹലീം രണ്ടാം സ്ഥാനത്തെത്തി.
ബാബുൽ സുപ്രിയോ 50,996 വോട്ടും സൈറ ഷാ 30,940 വോട്ടും നേടിയെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ വോട്ടുനില. ബി.ജെ.പി സ്ഥാനാർഥി കേയ ഘോഷ് 13,174 വോട്ടും കോൺഗ്രസ് സ്ഥാനാർഥി ഖമറുസമാൻ ചൗധരി 5205 വോട്ടും നേട്ടി മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
മന്ത്രി സുബ്രത മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ബാലിഗഞ്ച് നിയമസഭ സീറ്റിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മരുമകളാണ് സൈറ. 2011ൽ സൈറയുടെ ഭർത്താവ് ഡോ. ഫുആദ് ഹലീം ബാലിഗഞ്ച് സീറ്റിൽ നിന്നും മത്സരിച്ചിരുന്നു.
2014ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ബാബുൽ സുപ്രിയോ അസൻസോൾ ലോക്സഭ സീറ്റിൽ ടി.എം.സിയുടെ ഡോല സെന്നിനെ അട്ടിമറിച്ച് ഏവരെയും ഞെട്ടിച്ചു. 2019ൽ വിജയമാവർത്തിച്ച ബാബുൽ 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.എം.സിയുടെ മൂൺ മൂൺ സെന്നിനെ തോൽപിച്ചത്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അരലക്ഷത്തിലേറെ വോട്ടിന് തോറ്റു. അതിനിടെ ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ട അദ്ദേഹം ടി.എം.സിയിൽ ചേരുകയായിരുന്നു.
മൂന്നു വർഷം മുമ്പ് സ്വന്തം സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം അയൽ സംസ്ഥാനത്ത് നേടിയ തകർപ്പൻ ജയത്തിലൂടെ തീർക്കുകയായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ശത്രുഘൻ സിൻഹ. അസൻസോൾ മണ്ഡലത്തിൽ മൂന്നുലക്ഷത്തിലേറെ വോട്ടിനാണ് ഹിന്ദി സിനിമയിലെ മുൻ സൂപ്പർതാരമായ സിൻഹയുടെ ശത്രുസംഹാരം. ബി.ജെ.പിയുടെ അഗ്നിമിത്ര പോളാണ് 76കാരനായ സിൻഹക്കുമുന്നിൽ അടിയറവ് പറഞ്ഞത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പട്ന സഹാബിലെ പരാജയത്തോടെ രാഷ്ട്രീയവനവാസത്തിലായ സിൻഹയുടെ ശക്തമായ തിരിച്ചുവരവാണിത്.
80കളുടെ അവസാനം ബി.ജെ.പിയിൽ ചേർന്ന സിൻഹ 1992ൽ ന്യൂഡൽഹി ലോക്സഭ സീറ്റിലെ ഉപതെരഞ്ഞെടുപ്പിലാണ് മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അന്ന് സിനിമരംഗത്തെ മറ്റൊരു സൂപ്പർതാരവും തന്റെ അടുത്ത സുഹൃത്തുമായ കോൺഗ്രസിന്റെ രാജേഷ് ഖന്നയോട് തോറ്റെങ്കിലും എ.ബി. വാജ്പേയിയുടെയും എൽ.കെ. അദ്വാനിയുടെയും അടുപ്പക്കാരനായി തുടർന്ന സിൻഹക്ക് രാജ്യസഭ സീറ്റ് കിട്ടി.
1996 മുതൽ 2008 വരെ രാജ്യസഭ അംഗമായി തുടർന്ന സിൻഹ വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായി. 2009ലും 2014ലും പട്ന സഹാബിൽനിന്ന് ജയിച്ച് ലോക്സഭാംഗമായി. 2014ൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ അവസരം നിഷേധിക്കപ്പെട്ടതിൽ ക്ഷുഭിതനായ സിൻഹ നിരന്തരം ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശന ശരങ്ങൾ തൊടുത്തു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നൽകാതിരുന്നതോടെയാണ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ തോറ്റതോടെ കോൺഗ്രസ് വിട്ട് ഈവർഷം തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.