ശൈഖ് ഹസീന ഇന്ത്യയിൽ, അജിത് ദോവലുമായി കൂടിക്കാഴ്ച നടത്തി; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി. ശൈഖ് ഹസീനയെയും കൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനയുടെ സി-130 വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിലാണ് ലാൻഡ് ചെയ്തത്.

ഇന്ത്യൻ വ്യോമസേനയുടെ എയർ ഓഫീസർ കമാൻഡിങ് (എ.ഒ.സി) സഞ്ജയ് ചോപ്ര ശൈഖ് ഹസീനയെയും സഹോദരി ശൈഖ് റഹാനയെയും സ്വീകരിച്ചു. അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി ഹിൻഡൻ വ്യോമതാവളത്തിലെത്തി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി.

ശൈഖ് ഹസീനക്ക് വ്യോമസേനയും മറ്റ് സുരക്ഷാ ഏജൻസികളും സുരക്ഷ ഒരുക്കുമെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ശൈഖ് ഹസീനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ, ബംഗ്ലാദേശിലെ സ്ഥിതിഗതികൾ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചു. ശൈഖ് ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ശൈഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) സുരക്ഷ ശക്തപ്പെടുത്തി. രണ്ട് ദിവസത്തേക്ക് അതിജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. അതിർത്തിയിൽ പരിശോധന ശക്തമാക്കുമെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബി.എസ്.എഫ് ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി വ്യക്തമാക്കി.

സംവരണ വിഷയത്തിൽ ഭരണകൂടത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ശൈഖ് ഹസീനയോട് രാജിവെക്കാൻ സൈന്യം അന്ത്യശാസനം നൽകിയത്. ശൈഖ് ഹസീന രാജ്യംവിട്ടതോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് കർഫ്യൂവിന്‍റെയോ അടിയന്തരാവസ്ഥയുടെയോ ആവശ്യമില്ലെന്നും ഇന്ന് രാത്രിയോടെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും ജനറൽ വഖാർ ഉസ് സമാൻ വ്യക്തമാക്കി.

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്‍റ് മുഹമ്മദ് ശിഹാബുദ്ദീനുമായി കരസേന മേധാവി കൂടിക്കാഴ്ച നടത്തി. ഇടക്കാല സർക്കാർ രൂപീകരണം സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയെന്നും മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും ഭരണത്തിൽ പങ്കാളിത്തം ഉണ്ടായിരിക്കുമെന്നും സേനാ മേധാവി വ്യക്തമാക്കി.

ബംഗ്ലാദേശി​ന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് വിദ്യാർഥികൾ അടക്കമുള്ള പ്രക്ഷോഭകർ ആവശ്യപ്പെട്ടത്. പ്രക്ഷോഭത്തിൽ 300ലേറെ പേർ കൊല്ലപ്പെട്ടു.

Tags:    
News Summary - Sheikh Hasina in India; Had a meeting with Ajit Doval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.