ന്യൂഡൽഹി: തുടർച്ചയായി മൂന്നു വർഷം കണക്ക് നൽകാതെ സർക്കാർ രേഖകളിൽ ‘നിർജീവ’മായി മാറിയ കമ്പനികളുടെ ഡയറക്ടർമാർക്ക് കോർപറേറ്റുകാര്യ മന്ത്രാലയം അയോഗ്യത കൽപിച്ചു. വീക്ഷണം പത്രത്തിെൻറ നടത്തിപ്പുകാരായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവാസി ക്ഷേമം മുൻനിർത്തിയുള്ള നോർക്ക-റൂട്സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായി എം.എ. യൂസഫലി എന്നിവർ അയോഗ്യരാക്കപ്പെട്ട ഡയറക്ടർമാരുടെ പട്ടികയിലുണ്ട്.
തുടർച്ചയായി റിേട്ടൺ സമർപ്പിക്കാത്തതു വഴി രജിസ്ട്രേഷൻ നഷ്ടപ്പെട്ട കമ്പനികൾ നിരവധിയാണ്. അയോഗ്യരാക്കപ്പെട്ട ഡയറക്ടർമാർക്ക് ബന്ധപ്പെട്ട കമ്പനികളിൽ വീണ്ടും ഡയറക്ടർമാരായി നിയമിക്കപ്പെടാൻ യോഗ്യത നഷ്ടപ്പെടും. മറ്റേതെങ്കിലും കമ്പനിയിൽ തുടർന്നുള്ള അഞ്ചു വർഷങ്ങളിൽ ഡയറക്ടർമാരായി നിയമിക്കപ്പെടുന്നതിനും വിലക്കുണ്ട്. കമ്പനികളുടെ ബാങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിനും വിലക്കു വരും. അതല്ലെങ്കിൽ കോർപറേറ്റുകാര്യ മന്ത്രാലയത്തിെൻറ നടപടിക്കെതിരായി നിയമസംരക്ഷണം നേടേണ്ടി വരും. പ്രവർത്തനം മുടങ്ങി കടലാസ് സംഘടനയായി നിൽക്കുന്ന കമ്പനികളെ ഷെൽ കമ്പനികളെന്നാണ് വിളിക്കുന്നത്. കള്ളപ്പണം വഴിതിരിച്ചു വിടാൻ ഇൗ കടലാസ് സ്ഥാപനങ്ങൾ പലതും മറയാക്കപ്പെടുന്നുവെന്നാണ് സർക്കാറിെൻറ വാദം. എന്നാൽ വീക്ഷണവും നോർക്ക-റൂട്സുമൊക്കെ റിേട്ടൺ സമർപ്പിച്ചില്ലെന്ന ഒറ്റക്കാരണത്താലാണ് ലിസ്റ്റിൽ പെട്ടതെന്നാണ് കരുതുന്നത്.
കടലാസ് കമ്പനി ഡയറക്ടർമാരുടെയും അത്തരം കമ്പനികളുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെയും പട്ടിക കോർപറേറ്റുകാര്യ മന്ത്രാലയം പരസ്യപ്പെടുത്തിയതിൽ, ജയിലിൽ കഴിയുന്ന തമിഴ്നാട് രാഷ്ട്രീയ നേതാവ് വി.കെ. ശശികലയും ഉൾപ്പെടുന്നുണ്ട്. ശശികലയുമായി ബന്ധമുള്ള നാലു കമ്പനികൾ അസാധുവായി. ഫാൻസി സ്റ്റീൽസ്, റെയിൽബോ എയർ, സുക്ര ക്ലബ്, ഇന്തോ-ദോഹ കെമിക്കൽസ് എന്നീ സ്വകാര്യ കമ്പനികളാണ് അവ. എറണാകുളത്തെ കമ്പനി രജിസ്ട്രാറുടെ പരിധിയിൽ 41,156 ഡയറക്ടർമാരെ അയോഗ്യരാക്കി. ചെന്നൈയിൽ 74,920 പേരാണ് അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയിലുള്ളത്. കമ്പനി നിയമവ്യവസ്ഥ പ്രകാരം ഷെൽ കമ്പനികളുടെ 1.06 ലക്ഷം ഡയറക്ടർമാരെ അയോഗ്യരാക്കേണ്ടതുണ്ടെന്ന് സെപ്റ്റംബർ 12ന് പുറത്തിറക്കിയ പ്രസ്താവനയിൽ കോർപറേറ്റുകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.