ഹിമാചലിലെ പള്ളി തർക്കം: തീവ്ര ഹിന്ദുസംഘടന പ്രവർത്തകർ കല്ലെറിയുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

ഷിംല: ഹിമാചൽ പ്രദേശിലെ സഞ്ചൗലിയിൽ മുസ്‍ലിം പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തീവ്ര ഹിന്ദുസംഘടന പ്രവർത്തകർ കല്ലെറിയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ഹിമാചൽ പ്രദേശ് പൊലീസ് ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പ്രതിഷേധത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിൽ കശേരുവിന് പൊട്ടൽ സംഭവിച്ച വനിത പൊലീസ് ഉദ്യോഗസ്ഥയുടെ നില ഗുരുതരമാണ്.

ബാരിക്കേഡുകൾ തകർത്ത പ്രക്ഷോഭകർ പൊലീസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ആറ് എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം, തീവ്ര ഹിന്ദുസംഘടനകളുടെ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിൽ സമാധാന നീക്കവുമായി മുസ്‍ലിംകൾ രംഗത്തെത്തി. അനധികൃതമെന്ന് ആരോപിക്കുന്ന പള്ളിയുടെ ഭാഗം സീൽ ചെയ്യണമെന്നും കോടതി ഉത്തരവ് എതിരാണെങ്കിൽ തങ്ങൾ തന്നെ പൊളിക്കാൻ തയാറാണെന്നും വ്യക്തമാക്കി മുസ്‍ലിം വെൽഫെയർ കമ്മിറ്റി ഷിംല മുനിസിപ്പൽ കമീഷണർക്ക് കത്തുനൽകി.

പള്ളി ഇമാമും വഖഫ് ബോർഡ്, മസ്ജിദ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നതാണ് മുസ്‍ലിം വെൽഫെയർ കമ്മിറ്റി. അതേസമയം, പള്ളിയുടെ അനധികൃത നിർമാണം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആഹ്വാനം ചെയ്ത ദേവ് ഭൂമി സംഘർഷ് കമ്മിറ്റി അംഗങ്ങൾ മുസ്‍ലിം വെൽഫെയർ കമ്മിറ്റി തീരുമാനം സ്വാഗതം ചെയ്തു.

ഹിമാചലിൽ സ്ഥിരതാമസക്കാരായ തങ്ങൾ സമാധാനവും സാഹോദര്യവും നിലനിർത്താനാണ് ഇതിന് മുൻകൈയെടുക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങൾക്കുമേൽ സമ്മർദമില്ലെന്നും പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുകയാണെന്നും പള്ളി ഇമാം പറഞ്ഞു.

ഇതിനിടെ, മണ്ഡിയിൽ ജയിൽ റോഡിലുള്ള അനധികൃത നിർമാണം നടത്തിയ പള്ളിയുടെ ഭാഗം മുസ്‍ലിംകൾ തന്നെ പൊളിച്ചു. പള്ളിയുടെ ഈ ഭാഗം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. ഈ വിഷയത്തിൽ പൊതുമരാമത്ത് വകുപ്പും മുനിസിപ്പൽ കോർപറേഷനും പള്ളി കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു.

Tags:    
News Summary - Shimla police release CCTV of anti-mosque protestors pelting stones; 6 cops injured, 8 FIRs registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.