മുംബൈ: മഹാരാഷ്ട്രയിൽ കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴിവെച്ച് രാഷ്ട്രീയ നീക്കങ്ങൾ. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും മുൻ സംസ്ഥാന മന്ത്രിയുമായ പങ്കജ മുണ്ടെ രാഷ്ട്രീയത്തിൽനിന്ന് രണ്ടുമാസത്തേക്ക് ‘അവധി’യെടുത്തതാണ് അതിലൊന്ന്. ശിവസേന വിമതനായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയും തമ്മിലെ കൂടിക്കാഴ്ചയാണ് മറ്റൊന്ന്. ഉദ്ധവ് പക്ഷ ശിവസേനയിലെ വനിത നേതാവും എം.എൽ.സിയുമായ നീലം ഗോറെ ഷിൻഡെ പക്ഷത്തേക്ക് കൂറുമാറി. ‘കളിക്കളത്തിലെ ജനബാഹുല്യംകൊണ്ട്’ തുന്നിവെച്ച മന്ത്രിക്കുപ്പായം എന്തുചെയ്യുമെന്ന് അറിയാതെ നിൽക്കുന്ന നേതാക്കളെ പരിഹസിക്കുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പരാമർശമാണ് വേറൊന്ന്.
ബി.ജെ.പിയിൽ അവഗണന നേരിടുന്ന പങ്കജ മുണ്ടെ കോൺഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ‘അവധി’ പ്രഖ്യാപനം. മറ്റ് പാർട്ടികൾക്ക് പ്രാധാന്യം നൽകുന്ന നേതൃത്വം സ്വന്തം നേതാക്കളെ അവഗണിക്കുന്നതിൽ ചൊടിച്ചാണ് പങ്കജയുടെ നീക്കമെന്നാണ് സൂചന. പാർട്ടിയിൽ നടക്കുന്ന സംഭവങ്ങൾതന്നെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും തൽക്കാലം അവധിയെടുക്കുന്നുവെന്നുമാണ് പങ്കജ പറഞ്ഞത്. അതേസമയം, കോൺഗ്രസിലേക്ക് പോകുകയാണെന്ന അഭ്യൂഹം അവർ തള്ളി. സോണിയ ഗാന്ധിയെയോ രാഹുലിനെയോ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.
സഹോദരങ്ങളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കണമെന്നാവശ്യപ്പെട്ട് എം.എൻ.എസ് പ്രവർത്തകർ പോസ്റ്ററുകൾ പതിക്കുകയും ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്തുമായി എം.എൻ.എസ് നേതാവ് അഭിജിത് പാൻസെ കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഷിൻഡെ-രാജ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉദ്ധവുമായി കൈകോർക്കാനില്ലെന്നും ഷിൻഡെക്കൊപ്പമാണെന്നുമുള്ള സൂചനയാണ് രാജ് നൽകുന്നതെന്നും പറയപ്പെടുന്നു.
ഷിൻഡെക്ക് അധികാരം നഷ്ടപ്പെടുമെന്നും ഒപ്പമുള്ള വിമതർ മാതൃസംഘടനയിലേക്ക് മടങ്ങുമെന്നുമുള്ള അഭ്യൂഹങ്ങൾക്ക് അറുതിവരുത്തുന്നതാണ് നീലം ഗോറെയുടെ ഷിൻഡെ പക്ഷത്തേക്കുള്ള കൂറുമാറ്റം.
എൻ.സി.പിയിലെ പിളർപ്പോടെ ഭരണമുന്നണിയിൽ അംഗങ്ങളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രസ്താവന. നൂറുശതമാനം ബി.ജെ.പിയെന്ന തെരഞ്ഞെടുപ്പ് നയത്തിൽനിന്ന് വ്യതിചലിച്ച് മറ്റ് പാർട്ടികളെ ഒപ്പം കൂട്ടുന്നതിൽ ബി.ജെ.പി അണികൾ അതൃപ്തരാണ്. ഗഡ്കരിയും ശരദ് പവാറും തമ്മിലെ അടുപ്പവും കൂട്ടിവായിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.