മുംബൈ: റെംഡസിവിർ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വാഗ്വാദങ്ങൾക്കിടെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരായ ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്വാദിന്റെ പരാമർശം വിവാദമായി. കോറോണ വൈറസിനെ കണ്ടാൽ അതിനെ ഫഡ്നാവിസിന്റെ വായിൽ ഇടുമായിരുന്നുവെന്നായിരുന്നു ഗെയ്ക്വാദിന്റെ പരാമർശം. ഇതിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി.
കോവിഡിനെതിരെയുള്ള നിർണായക പ്രതിരോധ മരുന്നായ റെംഡെസിവിറിന് രാജ്യത്ത് കയറ്റുമതി നിരോധനം നിലവിലുണ്ട്. ഇതിനിടെ മുംബൈയില്‍ നിന്ന് വന്‍തോതില്‍ റെംഡെസിവിർ വ്യോമമാര്‍ഗം കടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് മരുന്ന് നിര്‍മാണക്കമ്പനി പ്രതിനിധികളെ കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായെത്തിയ ഫഡ്നാവിസിനെതിരെ കടുത്ത ആരോപണമാണ് ഭരണകക്ഷിയായ ശിവസേന ഉയർത്തിയത്. മരുന്ന് കമ്പനി പ്രതിനിധികളെ രക്ഷിക്കാൻ ഫഡ്നാവിസ് ശ്രമം നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
ഈ സമയത്ത് ഫഡ്നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഗെയ്ക്വാദിന്റെ വിവാദ പരാമർശം.
'സംസ്ഥാനത്തെ മന്ത്രിമാരെ പിന്തുണക്കുന്നതിന് പകരം ബി.ജെ.പി നേതാക്കള്‍ അവരെ പരിഹസിക്കുകയും സര്‍ക്കാരിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് നോക്കുകയുമാണ് ചെയ്യുന്നത്. കോറോണ വൈറസിനെ കണ്ടാൽ അതിനെ ഫഡ്നാവിസിന്റെ വായിൽ ഇടുമായിരുന്നു' -ഗെയ്ക്വാദ് പറഞ്ഞു.
ഫഡ്നാവിസും ബി.ജെ.പി നേതാക്കളായ പ്രവീൺ ദരീകറും ചന്ദ്രകാന്ത് പാട്ടീലും റെംഡസിവിർ വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. റെംഡസിവിർ ഉൽപാദനം ചെയ്യുന്ന കമ്പനികളോട് മഹാരാഷ്ട്രക്ക് മരുന്ന് നൽകരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടുവെന്നും മതിയായ മെഡിക്കൽ ഓക്സിജൻ നൽകുന്നില്ലെന്നും ഗെയ്ക്വാദ് പറഞ്ഞു.
സംസ്ഥാനത്ത് ജനങ്ങൾ മരിച്ചുവീഴുേമ്പാൾ മഹാരാഷ്ട്രയിലെ ഓഫീസിലിരുന്ന് അവർ ഗുജറാത്തിലേക്ക് ഫ്രീയായി റെംഡസിവിർ അയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗെയ്ക്വാദിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍റെ മണ്ഡലമായ ബുൽധാനയിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. വിവിധ ഭാഗങ്ങളിൽ ബി.ജെ.പി പ്രവർത്തകർ എം.എൽ.എയുടെ കോലം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.