മഹാരാഷ്ട്രയിൽ ശിവസേന-ബി.ജെ.പി പോര് കൂടുതൽ രൂക്ഷമാകുന്നു. പശ്ചിമ ബംഗാൾ കഴിഞ്ഞാൽ ബി.ജെ.പി-ഹിന്ദുത്വ സംഘടന പ്രവർത്തകർ കായികമായി കൈകാര്യം ചെയ്യപ്പെടുന്ന സ്ഥലമാണ് മഹാരാഷ്ട്ര. ബി.ജെ.പിയുടെ രാഷ്ട്രീയ-കായിക ആക്രമണങ്ങൾക്ക് അതേ അളവിൽതന്നെ തിരിച്ചടിച്ച് മുന്നേറുകയാണ് ശിവസേനയും. നിയമം കയ്യിലെടുക്കുന്ന ബി.ജെ.പി-തീവ്ര ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയാണ് ശിവസേനയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള ഭരണകൂടം എടുക്കുന്നത്.
ഏറ്റവും അവസാനത്തേതാണ് ബാങ്ക് വിളിയുമായി ഉയർന്ന വിവാദങ്ങൾ. പള്ളികളിൽ ഉച്ചത്തിൽ ബാങ്ക് വിളിച്ചാൽ പള്ളികൾക്ക് സമീപം ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ബി.ജെ.പി അടക്കമുള്ള സംഘടനകൾ വെല്ലുവിളി നടത്തിയിരുന്നു. ഇതിനെതിരെ ശക്തമായ നടപടിയാണ് ഉദ്ദവ് താക്കറെ ഭരണകൂടം കൈക്കൊണ്ടത്. തുടർന്ന് ബി.ജെ.പി വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം സ്വതന്ത്ര എം.പിയായ നവനീത് റാണയും അവരുടെ ഭർത്താവും എം.എൽ.എയുമായ രവി റാണയും ഉദ്ദവ് താക്കറെയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ശിവസേന പ്രവർത്തകരിൽനിന്ന് വൻ പ്രതികരണം ആണുണ്ടായത്. പ്രവർത്തകർ എം.പിയുടെ വീട് ഉപരോധിച്ചു. ഒടുവിൽ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദമ്പതികളെ അറസ്റ്റ് ചെയ്തതോടെ ബി.ജെ.പിയും ശിവസേനയും തമ്മിൽ വാക്പോരുണ്ടായി. പാർട്ടിയുമായോ മാതോശ്രീയുമായോ ഏറ്റുമുട്ടാൻ നിൽക്കരുതെന്ന് ശിവസേന ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയപ്പോൾ മഹാരാഷ്ട്രയിലെ 'രാവണരാജിനെ' ബി.ജെ.പി അപലപിച്ചു. അറസ്റ്റ് വേദനജനകമാണെന്ന് ബി.ജെ.പി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.