ന്യൂഡൽഹി: ആരാണ് യഥാർഥ ശിവസേനയെന്ന ഉദ്ധവ് ഷിൻഡെ തർക്കത്തിനിടെ തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ ഇടപെടും. പാർട്ടിയുടെ ചിഹ്നം സംബന്ധിച്ച ഇരുപക്ഷത്തിന്‍റെയും തർക്കത്തിൽ ജനുവരി 17ന് തെരഞ്ഞെടുപ്പ് കമീഷൻ വാദം കേൾക്കും.
ശിവസേനയെന്ന പേരിൽ ഷിൻഡെ അവകാശവാദമുന്നയിക്കുമ്പോൾ തങ്ങളാണ് യഥാർഥ ശിവസേനയെന്ന് ഉദ്ധവ് താക്കറെ ആവർത്തിക്കുന്നു. 2018ൽ ശിവസേനയുടെ ഭരണഘടന മാറ്റിയത് നിയമവിരുദ്ധമാണെന്ന് ഏക്നാഥ് ഷിൻഡെയുടെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി പറഞ്ഞു. ഷിൻഡെ വിഭാഗത്തിന് തന്നെയാണ് പാർട്ടിയിൽ ഭൂരിപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എം.എൽ.എമാരായാലും എം.പിമാരായാലും പാർട്ടിയലെ അംഗങ്ങളായാലും ഭൂരിപക്ഷ പിന്തുണ ഷിൻഡെ വിഭാഗത്തിനാണ്. അതിനാൽ ഷിൻഡെ പക്ഷം തന്നെയാണ് യഥാർഥ ശിവസേന"- മഹേഷ് ജഠ്മലാനി പറഞ്ഞു.
കേസിൽ സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന് ഉദ്ധവ് താക്കറെയുടെ അഭിഭാഷകൻ കപിൽ സിബൽ കമീഷനോട് അഭ്യർഥിച്ചു.
പാർട്ടിയിലെ എല്ലാ ഭാരവാഹികളുടെയും സംസ്ഥാന നിയമസഭാംഗങ്ങളുടെയും പാർലമെന്റ് അംഗങ്ങളുടെയും ഭൂരിപക്ഷ പിന്തുണ യഥാർഥ ശിവസേനക്ക് ഉണ്ടായിരിക്കണം. പാർട്ടിയായി അംഗീകരിക്കപ്പെടാൻ ഒരു വശത്ത് ധാരാളം എം.എൽ.എമാർ ഉണ്ടായാൽ മാത്രം പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടു. വിമത എം.എൽ.എമാരുടെ സഹായത്തോടെ താക്കറെ വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ് ബി.ജെ.പിയുമായി ചേർന്ന് ഷിൻഡെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.