മുംബൈ: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന് പാർട്ടി നേതാവ് സഞ്ജജയ് റാവുത്ത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
"ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവരം ഇതാ... പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചർച്ചയ്ക്ക് ശേഷം ശിവസേന തീരുമാനിച്ചു. ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും ...!! ജയ് ഹിന്ദ്, ജയ് ബാൻല!" റാവുത്ത് ട്വീറ്റിൽ പറഞ്ഞു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സർക്കാരിന്‍റെ കാലാവധി വരുന്ന മേയ് 30ന് അവസാനിക്കും. 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ഇടതു പാർട്ടികളുമായി സഹകരിച്ചാണ് കോൺഗ്രസ് നേരിടുന്നത്. ഇരു പാർട്ടികളിലേയും മുതിർന്ന നേതാക്കൾ ഇതുസംബന്ധിച്ച് ചർച്ച തുടങ്ങി. 2016ലെ തെരഞ്ഞെടുപ്പിൽ 76 സീറ്റാണ് സഖ്യം നേടിയത്. ഈ മാസം അവസാനത്തോടെ മാത്രമേ മത്സരിക്കുന്ന സീറ്റുകളിൽ ധാരണയിലെത്തൂവെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ചർച്ചക്കുശേഷം പറഞ്ഞു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ഇരു പാർട്ടികളും ചേർന്ന് കൊൽക്കത്തയിൽ വൻ റാലി സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഭരണം പിടിക്കാൻ സകല അടവും പയറ്റി ബി.െജ.പിയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.