ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി എത്തും

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകയിൽ തുടർച്ചയായി അഞ്ചാം സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.തിങ്കളാഴ്ച രാവിലെ 11ന് ശിവമൊഗ്ഗയിൽ എത്തുന്ന പ്രധാനമന്ത്രി ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ജില്ലയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി, ബെളഗാവിയിലും വിവിധ പദ്ധതികൾക്ക് തറക്കല്ലിടും. 450 കോടി ചെലവിൽ നിർമിച്ച ശിവമൊഗ്ഗ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ താമരയുടെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്.

മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ടെർമിനൽ. വിമാനത്താവളം തുറക്കുന്നതോടെ മലനാട് മേഖലയുടെ കേന്ദ്രമായി ശിവമൊഗ്ഗ മാറും. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിമാനത്താവളത്തിൽ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ ആരംഭിച്ചിരുന്നു. വിമാനത്താവളം തുറന്ന ശേഷം ശിക്കാരിപുര- റാണിബെന്നൂർ റെയിൽപാതയുടെയും കൊട്ടെഗംഗുരു കോച്ചിങ് ഡിപ്പോയുടെയും ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും.

മറ്റു ചില പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കാളിയാവും. തുടർന്ന് ബെളഗാവിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു വിതരണവും മോദി നിർവഹിക്കും. 190 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ബെളഗാവി റെയിൽവേ സ്റ്റേഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

930 കോടി ചെലവിൽ നടപ്പാക്കുന്ന ബെളഗാവി-ലോണ്ട റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിക്കും അദ്ദേഹം തുടക്കമിടും. മുംബൈ-പുണെ-ഹുബ്ബള്ളി- ബംഗളൂരു റെയിൽപാതയിൽ ഉൾപ്പെടുന്ന ബെളഗാവി-ലോണ്ട പാതയുടെ ഇരട്ടിപ്പിക്കൽ ചരക്കുനീക്കങ്ങൾ വേഗത്തിലാക്കാൻ സഹായകരമാവുമെന്നാണ് കണക്കുകൂട്ടൽ.

Tags:    
News Summary - Shivamogga Airport inauguration today; The Prime Minister will arrive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.