ന്യൂഡൽഹി: കുവൈത്ത് മൻഗഫിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരടക്കം 49 പേർ മരിച്ചതിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാരടക്കം മരിച്ചെന്ന വാർത്ത ഏറെ ഞെട്ടലുളവാക്കുന്നതും അതീവ ദുഖകരവുമാണെന്ന് രാഹുൽ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ എക്സിൽ കുറിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ നമ്മളുടെ തൊഴിലാളികളുടെ അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്ര സർക്കാർ ഖത്തറിലെ ബന്ധപ്പെട്ടവരുമായി പ്രവർത്തിച്ച് നമ്മുടെ പൗരന്മാരുടെ സുരക്ഷക്ക് മുൻഗണന നൽകുകയും മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുകയും വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.