ഹോംവർക്ക് ഭയന്ന് സ്കൂളിൽ പോകാതിരുന്ന ഏഴാംക്ലാസുകാരൻ മൂന്നാംനിലയിൽനിന്ന് ചാടി; ഗുരുതര പരിക്ക് -VIDEO

ഇൻഡോർ (മധ്യപ്രദേശ്): ഹോംവർക്ക് ചെയ്യാൻ മടിച്ച് രണ്ടാഴ്ച തുടർച്ചയായി സ്കൂളിൽ പോകാതിരുന്ന ഏഴാംക്ലാസുകാരൻ വിവരം വീട്ടിലറിഞ്ഞതോടെ സ്കൂളിന്റെ മൂന്നാംനിലയിൽനിന്ന് താഴേക്ക് ചാടി. കൈകാലുകൾക്കടക്കം ഗുരുതര പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇൻഡോർ നന്ദനഗറിലെ ജി കിഡ്‌സ് ഇന്റർനാഷണൽ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം. ഇതേസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന 13കാരനാണ് കടുംകൈ ചെയ്തത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിൽ വന്ന കുട്ടി, മുകളിലേക്ക് കയറി മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപ​ത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

സ്കൂളിന് സമീപത്തെ ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന റോഡിലേക്കാണ് കുട്ടി വീണത്. റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾക്കിടയിൽ പതിക്കുകയായിരുന്നു. ഉടൻ അതുവഴി വന്ന കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. വിദ്യാർഥിയുടെ നില അതീവഗുരുതരമാണെന്നും കൈകൾക്കും കാലുകൾക്കും സാരമായി പരിക്കേറ്റിട്ടടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി വീട്ടിൽനിന്ന് സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്ന കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. സ്‌കൂൾ അധികൃതർ വിളിച്ചപ്പോഴാണ് ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞത്. ഹോംവർക്ക് ചെയ്യുന്നതിനുള്ള മടി കാരണമാണ് ക്ലാസ് മുടക്കിയിരുന്നതത്രെ. വിവരം മാതാപിതാക്കൾ അറിഞ്ഞതോടെയാണ് ഭയന്ന് സ്‌കൂളിൽ നിന്ന് ചാടിയത്.

Tags:    
News Summary - Shocker: Class 7 Student Jumps From 3rd Floor Of School Building To Escape Homework; Visuals Surface

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.