ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. എല്ലാ ആരാധനാലയങ്ങളിലെയും ആചാരങ്ങളിലും കോടതി ഇടപെടുമോയെന്ന് അദ്ദേഹം ചോദിച്ചു. തെൻറ ട്വിറ്ററിലൂടെയാണ് കട്ജു വിധിയോട് പ്രതികരിച്ചത്.
രാജ്യത്ത് ആയിരക്കണക്കിന് ക്ഷേത്രങ്ങളും പള്ളികളും ഗുരുദ്വാരകളുമുണ്ട്. പലതിലും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളും രാജ്യത്തുണ്ട്. അവിടങ്ങളിലെയെല്ലാം ആചാരങ്ങളിലും കോടതി ഇടപെടുമോയെന്ന് കട്ജു ചോദിച്ചു.
മറ്റു മതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹരജികൾക്ക് കൂടി വിധി വഴിയൊരുക്കും. തുല്യതയ്ക്കും മതവിശ്വാസത്തിനുമുള്ള ഭരണഘടാ അവകാശങ്ങളെ ഒരുമിച്ചു കാണണമെന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയാണ് ശരി. ആചാരങ്ങളുടെ യുക്തി പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല വിധി പുനഃപരിശോധിക്കാൻ ഏഴംഗ ബഞ്ച് രൂപീകരിക്കുക എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് മുന്നിലുള്ള ഒരു വഴി. അല്ലെങ്കിൽ രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും ശബരിമല വിധി നടപ്പാക്കണം. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനത്തിന് തടസ്സമില്ലെന്ന് പറയുന്നുണ്ടെങ്കിലും മക്കയിലും മദീനയിലും മാത്രമാണത് പ്രാവർത്തികമാവുന്നത്.
ഇന്ത്യയിൽ ഒന്നോ രണ്ടോ ശതമാനം പള്ളികളിൽ മാത്രമേ മുസ്ലിം സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. അവർ വീടുകളിൽ വെച്ചാണ് ആരാധന നടത്തുന്നത്. പള്ളികളിലെ സ്ഥല പരിമിതിയാണ് അതിന് കാരണമായി പറയുന്നത്. സ്ത്രീക്കും പുരുഷനും ഒരു പോലെ ഇവിടങ്ങളിലും പ്രവേശനം ഉറപ്പാക്കുക എന്നതാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ ഉള്ള രണ്ടാമത്തെ വഴിയെന്നും ഇതിൽ ഏത് വഴിയാണ് കോടതി സ്വീകരിക്കുകയെന്നും കട്ജു ട്വിറ്ററിലൂടെ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.