കൊൽക്കത്ത: ആർ.ജികർ മെഡിക്കൽ കോളജിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അഭിഭാഷകനെ വിമർശിച്ച് കോടതി. കൃത്യസമയത്ത് കോടതിയിൽ എത്താത്തതിലായിരുന്നു വിമർശനം. 40 മിനിറ്റ് വൈകിയാണ് സി.ബി.ഐയുടെ അഭിഭാഷകൻ കോടതിയിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ വൈകിയത് മൂലമാണ് അഭിഭാഷകനും കൃത്യസമയത്ത് കോടതിയിൽ ഹാജരാകാൻ സാധിക്കാതിരുന്നത്.
അഭിഭാഷകൻ എത്താതിരുന്നതോടെ പ്രതിക്ക് ജാമ്യം നൽകട്ടേയെന്നായിരുന്നു കോടതിയുടെ ചോദ്യം. സി.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടായ അലസമായ മനോഭാവത്തേയും കോടതി വിമർശിച്ചു. സി.ബി.ഐ അഭിഭാഷകൻ വൈകിയതിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.
കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സെഡൽദാഹ് മജിസ്ട്രേറ്റാണ് സി.ബി.ഐ അഭിഭാഷകൻ കോടതിയിലെത്താൻ വൈകിയതിനെ വിമർശിച്ചത്. പ്രതിയായ റോയിയുടെ അഭിഭാഷകന്റെ വാദം പൂർത്തിയായതിന് പിന്നാലെ സി.ബി.ഐ അഭിഭാഷകൻ വൈകുമെന്ന അറിയിപ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പമീല ഗുപ്തക്ക് ലഭിച്ചു. എന്നാൽ, വരവ് നീണ്ടതോടെയാണ് മജിസ്ട്രേറ്റ് വിമർശനം ഉന്നയിച്ചത്.
പിന്നീട് സി.ബി.ഐ അഭിഭാഷകന്റെ വാദങ്ങൾ കൂടി കേട്ട ശേഷം പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. അഭിഭാഷകൻ വൈകിയത് സി.ബി.ഐ കേസ് ഗൗരവമായി കാണാത്തതിന്റെ തെളിവാണെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. കേസിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സി.ബി.ഐക്ക് ഒരു പുരോഗതിയും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.