ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായതോടെ രാഹുൽ ഗാന്ധി പാർട്ടിയിൽ തെൻറയും നേതാവാണെന്ന് സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധി. രാഹുൽ തെൻറയും ‘ബോസ്’ ആണെന്ന കാര്യത്തിൽ സംശയമില്ല. മുമ്പത്തെ അർപ്പണബോധത്തോടെയും ഉത്സാഹത്തോടെയും എല്ലാവരും അദ്ദേഹത്തിനൊപ്പംനിന്ന് പ്രവർത്തിക്കണം -കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ സോണിയ പറഞ്ഞു.
പാർട്ടിയുടെ ഭാവി പുനരുജ്ജീവിപ്പിക്കണം. ആ പ്രക്രിയ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷയെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷനൊപ്പംനിന്ന് സമാന മനസ്കരായ പാർട്ടികളുമായി ചർച്ച നടത്തും. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുന്നുവെന്ന് ഉറപ്പുവരുത്തും. ജനാധിപത്യവും മതനിരപേക്ഷതയും സഹിഷ്ണുതയും സാമ്പത്തിക പുരോഗതിയും പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പുവരുത്തും. മോശം സാഹചര്യങ്ങൾക്കിടയിലും ഗുജറാത്തിൽ കോൺഗ്രസ് നേട്ടമുണ്ടാക്കി. രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പുകളിലും നല്ല പ്രകടനമായിരുന്നു. മാറ്റത്തിെൻറ കാറ്റ് വീശുന്നുവെന്നാണ് ഇത് കാണിക്കുന്നത്. കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് കരുത്തുനേടുന്നതു കാണാം.
ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാണ്ട് ഒരുവർഷമാണ് ബാക്കി. 2004ലെ പോലെ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയെന്നും വരാം. അതു മുന്നിൽക്കണ്ട് പാർട്ടി സജ്ജമാകണം. കോൺഗ്രസിന് വലിയ തിരിച്ചടിയേറ്റ 2014 ഒരു അപഭ്രംശം മാത്രമാണ്. ഇപ്പോഴത്തെ സർക്കാറിെൻറ പ്രവർത്തനത്തിൽ എല്ലാ വിഭാഗം ജനങ്ങളും നിരാശരാണ്. ഇൗ അതൃപ്തി ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷമാണ്. ആ കരുത്ത് മുമ്പ് കോൺഗ്രസ് കാണിച്ചിട്ടുണ്ട്. മോദിസർക്കാറിെൻറ പിഴവുകൾ തുറന്നു കാണിക്കണം. പാർട്ടിയുടെ വിശ്വസ്തത ജനങ്ങെള ബോധ്യപ്പെടുത്തണം. ഭയപ്പാടിെൻറയും പീഡനത്തിെൻറയും അന്തരീക്ഷമാണ് മോദിസർക്കാറിനു കീഴിൽ രാജ്യത്ത് നിലനിൽക്കുന്നത്. അസഹിഷ്ണുതയുടെ ദുരന്തം ഏറ്റുവാങ്ങുകയാണ് ജനങ്ങൾ. ന്യൂനപക്ഷങ്ങൾ അരക്ഷിതബോധത്തിലാണ്. ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ആക്രമണം നടക്കുന്നു. ജമ്മു കശ്മീരിൽ ചോരയൊലിക്കുന്നു. സാന്ത്വനത്തിനും വികസനത്തിനും ഉൗന്നൽ നൽകാൻ തയാറാവുന്നില്ല. ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കാനാണ് സർക്കാർ എല്ലാ വിധത്തിലും ശ്രമിക്കുന്നത്.
പാർലമെൻറ് അടക്കം ജനാധിപത്യ സഥാപനങ്ങളെല്ലാം ബോധപൂർവമായ ആക്രമണം നേരിടുന്നു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. നാനാത്വവും ജനാധിപത്യ പാരമ്പര്യങ്ങളും തകർക്കുന്നു. നേട്ടങ്ങളെക്കുറിച്ച് വായ്ത്താരി മുഴക്കുന്നെങ്കിലും കാർഷിക മേഖലയടക്കം വിവിധ രംഗങ്ങൾ പ്രതിസന്ധിയിലാണ്. 2014 മേയിനുമുമ്പ് ഇന്ത്യയിൽ ഒന്നും ഉണ്ടായിരുന്നില്ല എന്ന മട്ടിലാണ് പറച്ചിൽ. പരമാവധി പബ്ലിസിറ്റിയും നന്നേ ചുരുങ്ങിയ ഭരണകൂടവുമെന്ന കളിയാണ് നടക്കുന്നതെന്നും സോണിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.