സിദ്ധു മൂസേവാലയുടെ മാതാപിതാക്കൾക്ക് വീണ്ടും കുഞ്ഞു പിറന്നു; ചിത്രം പങ്കുവെച്ച് പിതാവ്

കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ മാതാപിതാക്കൾക്ക് വീണ്ടും കുഞ്ഞു ജനിച്ചു. 2022 മേയ് 29നാണ് സിദ്ധുവിന് വെടിയേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.ഇപ്പോൾ മറ്റൊരു മകന് ജൻമം നൽകിയിരിക്കുകയാണ് സിദ്ധുവിന്റെ 58കാരിയായ അമ്മ ചരൺ കൗർ. കുഞ്ഞിനൊപ്പമുള്ള ഫോട്ടോ സിദ്ധുവിന്റെ പിതാവ് ബൽകൗർ സിങ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കൈകളിൽ കുഞ്ഞിനെയുമെടുത്തിരിക്കുന്ന ബൽകൗറിന്റെ ബാക്ഗ്രൗണ്ടിൽ സിദ്ധുവിന്റെ ചിത്രവും കാണാം. അതിനടുത്ത് ഒരു കേക്കുമുണ്ട്. ''സിദ്ധുവിന്റെ അനിയനെ സർവശക്തൻ ഞങ്ങളുടെ മടിയിലേക്ക് തന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സുഖവിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും അകമഴിഞ്ഞ സ്നേഹം.''-എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 ചരണിന്റെ ഗർഭാവസ്ഥയെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. കഴിഞ്ഞാഴ്ചയാണ് ബൽകൗർ അതിനെ കുറിച്ചു മനസുതുറന്നത്. ''ഞങ്ങളെ കുറിച്ച് സിദ്ധുവിന്റെ സുഹൃത്തുക്കൾക്ക് വലിയ ആശങ്കയായിരുന്നു. കുടുംബത്തെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ കാര്യങ്ങൾ ആരും വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. പുതിയ കാര്യങ്ങൾ സംഭവിച്ചാൽ ഞങ്ങൾ തീർച്ചയായും നിങ്ങളുമായി പങ്കുവെക്കും.''-എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ഐ.വി.എഫ് വഴിയാണ് ചരൺ ഗർഭിണിയായത്. ചികിത്സ വിജയകരമായി എന്നും ചരൺ ഗർഭിണിയാണെന്നും മാർച്ചിൽ കുഞ്ഞു പിറക്കുമെന്നും സിദ്ധുവിന്റെ അമ്മാവൻ ചാംകൂർ സിങ് അറിയിച്ചിരുന്നു.

2022 മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് കാറിലെത്തിയ അക്രമികൾ സിദ്ധുവിനു നേരെ വെടിവെക്കുകയായിരുന്നു. 30 തവണയാണ് അക്രമികൾ സിദ്ധുവിനു നേരെ വെടിയുതിർത്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിദ്ധു കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ എ.എ.പിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു. സംസ്ഥാനത്ത് വി.ഐ.പികൾക്ക് ഏർപ്പെടുത്തിയ സുരക്ഷ ഭഗവന്ത് മാൻ സർക്കാർ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് സിദ്ധു വെടിയേറ്റ് മരിച്ചത്.

യുവാക്കൾക്കിടയിൽ ഹരമായിരുന്നു സിദ്ധുവിന്റെ സംഗീതം. മരണശേഷം പോലും പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഹിറ്റായി മാറി. മകന് നീതി തേടി മാതാപിതാക്കൾ രംഗത്തുവന്നിരുന്നു.



Tags:    
News Summary - Sidhu Moosewala's father Balkaur Singh welcomes newborn son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.