ന്യൂഡൽഹി: പ്രമുഖ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റു മരിച്ചു. മുപ്പതോളം ബുള്ളറ്റുകളേറ്റ മൂസേവാല മരണത്തിന് കീഴടങ്ങിയതായി കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിരവധി തവണ വെടിയേറ്റതായി മാൻസ ജില്ല ഉപ പൊലീസ് മേധാവി ഗോബിന്ദർ സിങ് പി.ടി.ഐയോടു പറഞ്ഞു.
27കാരനായ മൂസേവാലക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിനു പിറ്റേന്ന് ഞായറാഴ്ചയാണ് മാൻസ ജില്ലയിൽ വെച്ച് ആക്രമിക്കപ്പെട്ടത്. സുഹൃത്തുക്കളുമായി കാറിൽ സ്വന്തം ഗ്രാമത്തിലേക്ക് പോകവെ, ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. രണ്ടു സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്.
''സിദ്ദു മൂസേവാല വെടിയേറ്റു മരിച്ചെന്ന നടുക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. വെടിവെപ്പിന്റെ ഭീകരദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതു പുറത്തുവിടുന്നില്ല'' -കോൺഗ്രസ് ദേശീയ വക്താവ് ജയ്‍വീർ ഷെർജിൽ ട്വീറ്റ് ചെയ്തു. മൂസേവാല അടക്കം 424 പേർക്കുള്ള സുരക്ഷ ആം ആദ്മി സർക്കാർ പിൻവലിച്ചത് കഴിഞ്ഞദിവസമായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ കോൺഗ്രസിൽ ചേർന്ന, ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസേവാല കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയോടു പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.