ന്യൂഡല്‍ഹി: വി.വി.ഐ.പികളുടെ രാഷ്ട്രീയ ഇഫ്താറുകള്‍ക്ക് ഖ്യാതികേട്ട രാജ്യതലസ്ഥാനത്ത് ഫാഷിസ്റ്റ് അതിക്രമങ്ങളുടെ ഇരകളെ വി.ഐ.പികളാക്കി വേദിയിലിരുത്തി സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ(എസ്.െഎ.ഒ) നടത്തിയ ഇഫ്താര്‍ ശ്രദ്ധേയമായി. ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന അഖ്ലാഖിെൻറയും ആല്‍വാറില്‍ ഗോരക്ഷകര്‍ അടിച്ചുകൊന്ന പെഹ്ലുഖാെൻറയും എ.ബി.വി.പിക്കാര്‍ മര്‍ദിച്ചശേഷം ജെ.എൻ.യുവില്‍ കാണാതായ നജീബിെൻറയും കുടുംബങ്ങളെ വിശിഷ്ടാതിഥികളാക്കി നടത്തിയ ഇഫ്താറാണ് തലസ്ഥാനത്തിന് പുതുമയുള്ള അനുഭവമായത്.
എസ്.ഐ.ഒ ക്ഷണിച്ചുവരുത്തിയ മുസ്ലിം സംഘടനാ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍ വേദനയുടെയും കഷ്ടപ്പാടിെൻറയും റമദാനിലേക്ക് എടുത്തെറിയപ്പെട്ടതിെൻറ വേദന കുടുംബങ്ങള്‍ പങ്കുവെച്ചു. ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന അഖ്ലാഖിെൻറ സഹോദരന് ജാന്‍ മുഹമ്മദ്, അദ്ദേഹത്തിെൻറ അഭിഭാഷകന് അഡ്വ. സൈഫി, ജെ.എൻ.യുവില്‍നിന്ന് കാണാതായ നജീബിെൻറ ഉമ്മ ഫാത്തിമ നഫീസ്, നജീബിെൻറ സഹോദരന് ഹസീബ് അഹ്മദ്, സഹോദരി സദഫ് മുശര്‍റഫ്, ആല്‍വാറില്‍ ഗോരക്ഷകര്‍ അടിച്ചുകൊന്ന പെഹ്ലുഖാെൻറ കൂടെ അടിയേറ്റ അസ്മത് ഖാൻ, പെഹ്ലുഖാെൻറ മകന് ഇര്‍ശാദ് എന്നിവര്‍ സംസാരിച്ചു.
നജീബില്ലാത്ത ആദ്യ റമദാന് ഉള്‍ക്കൊള്ളാനാകാതെ ഉമ്മ ഫാത്തിമ ഒരു ദിവസംപോലും വീട്ടിലൊരുമിച്ച് നോമ്പുതുറക്കാനിരുന്നിട്ടില്ലെന്ന് സഹോദരി സദഫ് മുശര്‍റഫ് പറഞ്ഞു. കഴിഞ്ഞ നോമ്പിന് അവന് ജാമിഅയിലും ജെ.എൻ.യുവിലുമെല്ലാം അഡ്മിഷന് കിട്ടാനുള്ള പാച്ചിലിലായിരുന്നുവെന്ന് ഫാത്തിമ കൂട്ടിച്ചേര്‍ത്തു. ജാമിഅയില്‍ കിട്ടിയ പ്രവേശനം വേണ്ടെന്നുവെച്ചാണ് അവൻ ജെ.എൻ.യു തെരഞ്ഞെടുത്തത്. അതിനു പിറകെ അവന് തിരിച്ചുവന്നതുമില്ലെന്ന് പറഞ്ഞ് അവര്‍ കണ്ണുകള്‍ തുടച്ചു. ജയ്പുരിലെ നഗം പരിഷത്തിെൻറ രേഖകളോടെ ചന്തയില്‍നിന്ന് പശുക്കളെ വളര്‍ത്താനായി വാങ്ങിക്കൊണ്ടുവരുകയായിരുന്ന തങ്ങളെ ഗോരക്ഷകര്‍ അടിച്ചവശരാക്കുക മാത്രമല്ല, പശുക്കളെയും കൈയിലിരുന്ന 35,000 രൂപയും അവര്‍ കവര്‍ന്നുവെന്ന് പെഹ്ലുഖാെൻറ മകന് ഇര്‍ശാദ് പറഞ്ഞു.
ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ പകച്ച ഞങ്ങള്‍ക്ക് ആദ്യം എസ്.ഐ.ഒയും പിന്നീട് യോഗേന്ദ്ര യാദവിെൻറ സ്വരാജ് അഭിയാനും വളര്‍ത്താനായി പശുക്കളെ തന്നുവെന്നും ഇര്‍ശാദ് പറഞ്ഞു. ജീവിതം ചോദ്യചിഹ്നമായ തങ്ങളെ കേസുകൊണ്ടുകൂടി കഷ്ടപ്പെടുത്തുകയാണിപ്പോഴെന്ന് അസ്മത് ഖാന് പറഞ്ഞു.
മുസ്ലിംകളായിപ്പോയെന്ന കാരണത്താല്‍ മാത്രം ഇരകളായ ഇവരൊക്കെയും വിസ്മൃതിയിലേക്ക് പോകാതിരിക്കാനാണ് ഈ വര്‍ഷത്തെ ഇഫ്താര്‍ എസ്.ഐ.ഒ ഇങ്ങനെയാക്കിയതെന്ന് അഖിലേന്ത്യ പ്രസിഡൻറ് നഹാസ് മാള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.