സ്വാതി മലിവാൾ സംഭവം: കെജ്രിവാളിന്റെ പ്രതികരണം ഞെ​ട്ടിച്ചെന്ന് നിർമല; രാഷ്ട്രീയവൽക്കരിക്കരുതെന്ന് സ്വാതി

ന്യൂഡൽഹി: എ.എ.പി രാജ്യസഭ എം.പി സ്വാതി മലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സ്റ്റാഫ് മർദിച്ചതിൽ പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഇക്കാര്യത്തിലെ കെജ്രിവാളിന്റെ പ്രതികരണം ഞെട്ടിച്ചുവെന്ന് സീതാരാമൻ പറഞ്ഞു. മലിവാളിന് നേരിടേണ്ടി വന്ന മർദനത്തിൽ കെജ്രിവാൾ ഒരു വാക്ക് പോലും മിണ്ടാത്തത് ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ നടപടിയെടുക്കുകയോ പ്രതികരണം നടത്തുകയോ കെജ്രിവാൾ ചെയ്തില്ലെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

മലിവാളിനെ മർദിച്ച ഭൈഭവ് കുമാർ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രിക്കൊപ്പം ലഖ്നോ എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടതിലും നിർമല സീതാരാമൻ വിമർശനം ഉന്നയിച്ചു. ഉത്തർപ്രദേശിൽ വെച്ച് കുറ്റാരോപിതനൊപ്പം കെജ്രിവാൾ സഞ്ചരിച്ചു. ഡൽഹി വനിതകമീഷൻ അധ്യക്ഷസ്ഥാനം വഹിച്ച ഒരു സ്ത്രീയോട് ഈ രീതിയിൽ പെരുമാറുന്നത് അപമാനകരമാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

സ്വാതി മലിവാളിന്‍റെ പരാതിയിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ സഹായി ബിഭവ് കുമാറിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം സ്വാതി മലിവാൾ ഡൽഹി പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്തത്. അവരെ എയിംസിൽ വൈദ്യപരിശോധനക്ക് വിധേയയാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഇതേക്കുറിച്ച് കുറിപ്പ് സ്വാതി എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എനിക്ക് സംഭവിച്ചത് വളരെ മോശം കാര്യമാണ്. ഇതേക്കുറിച്ച് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്, ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്കായി പ്രാർത്ഥിച്ചവർക്ക് നന്ദി പറയുന്നു. മറ്റു പാർട്ടിക്കാർ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നതെന്ന് എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചവരെയും ദൈവം സന്തോഷിപ്പിക്കട്ടെ. രാജ്യത്ത് സുപ്രധാന തെരഞ്ഞെടുപ്പ് നടക്കുകയാണ്. സ്വാതി മലിവാൾ അല്ല പ്രധാനം, രാജ്യത്തെ പ്രശ്നങ്ങളാണ് പ്രധാനം. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ബി.ജെ.പിക്കാരോട് ഞാൻ അഭ്യർത്ഥിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു.

Tags:    
News Summary - Sitharaman says Arvind Kejriwal's 'silence' in Swati Maliwal case 'shocking'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.